ശബരിമലയും വന്ദേഭാരതുമൊക്കെ രാഹുല്‍ രാമചന്ദ്രന്‍ കയ്യിലെടുക്കും-മിനിയേച്ചര്‍ രൂപങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.
പരിയാരം: കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ ചെറുവിച്ചേരി സ്വദേശി രാഹൂല്‍ രാമചന്ദ്രന്‍ ശ്രദ്ധേയനാകുന്നത് താന്‍ നിര്‍മ്മിക്കുന്ന മിനിയേച്ചര്‍ രൂപങ്ങളിലൂടെയാണ്.
ഒറിജിനിലിനെ വെല്ലുന്ന തരത്തിലുള്ളതാണ് രാഹുല്‍ ഉണ്ടാക്കിയ നിര്‍മ്മിതികള്‍.
പതിനെട്ടാം പടി അടക്കമുള്ള ശബരിമല ക്ഷേത്ര മാതൃക, ചെണ്ടകളുടെ ചെറു രൂപങ്ങള്‍,വന്ദേ ഭാരത് ട്രെയിന്‍, പള്ളികളുടെ രൂപം, വിവിധ ക്ഷേത്രങ്ങളുടെ മാതൃകകള്‍, പറശ്ശിനിക്കടവ് മടപ്പുര, പള്ളിയറ, വിമാനങ്ങള്‍, വീണ, വിവിധ വാഹനങ്ങള്‍ തുടങ്ങി നിലവില്‍ നാല്‍പ്പതോളം വ്യത്യസ്ത മിനിയേച്ചര്‍ മോഡലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇവയെല്ലാം ചേര്‍ത്ത് ഒരു പ്രദര്‍ശനവും മനസിലുണ്ടെന്ന് രാഹുല്‍ പറയുന്നു.
2021-ല്‍ രാഹുല്‍ നിര്‍മ്മിച്ച വ്യത്യസ്തതരം മിനിയേച്ചര്‍ മോഡലുകള്‍ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും, ഇന്റര്‍ നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡും ലഭിച്ചിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ ചെറിയ രീതിയില്‍ മിനിയേച്ചര്‍ വര്‍ക്കുകള്‍ ചെയ്തിരുന്നെങ്കിലും കൊവിഡ് കാലത്താണ് തന്റെ കഴിവുകള്‍ തേച്ച് മിനുക്കി മനോഹരമാക്കി വ്യത്യസ്ത മോഡലുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതും ജനശ്രദ്ധ ആകര്‍ഷിച്ചതും.
മെഡിക്കല്‍ കോളേജിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ലഭിക്കുന്ന സമയങ്ങളിലാണ് ഇവ നിര്‍മ്മിക്കുന്നത്.
ഫോറെസ് ഷീറ്റ്, പേപ്പര്‍ മറ്റ് പാഴ്‌വസ്തുക്കള്‍ തുടങ്ങിയവയാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
പത്ത് വര്‍ഷം മുന്നേ അന്തരിച്ച പിതാവ് രാമചന്ദ്രന്‍ മാസ്റ്റര്‍ തന്റെ ചെറുപ്പകാലത്ത് മിനിയേച്ചര്‍ നിര്‍മ്മാണത്തിന് നല്‍കിയ പ്രോല്‍സാഹനമാണ് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് ഊര്‍ജം പകര്‍ന്നതെന്ന് രാഹുല്‍ പറയുന്നു.
അമ്മ രാധ. ഭാര്യ-കൃപ, കുട്ടികളായ വരദ, വൈഗ എന്നിവരും രാഹുലിന് സജീവ പിന്തുണയുമായി കൂടെയുണ്ട്.
