തളിപ്പറമ്പ് മണ്ഡലത്തില്‍ വികസനരംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
തളിപ്പറമ്പ്: മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മുന്നേറ്റത്തിന് വിപുലമായ വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപംനല്‍കിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.
തളിപ്പരമ്പില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസുമായി സംസാരിക്കവെയാണ് മന്ത്രി തളിപ്പറമ്പിലെ വിവിധ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് മുഖ്യപരിഗണന നല്‍കുന്നതുമാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷം എസ്എസ്എല്‍സി, +2 പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയോടുള്ള പേടിയകറ്റുന്നതിനും ആത്മവിശ്വാസമുയര്‍ത്തുന്നതിനുമായി ‘പരിരക്ഷ2022’ എന്ന പേരില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുകയാണ്.
മാര്‍ച്ച് 20ന് ഞായറാഴ്ച വൈകുന്നേരം 3ന് മയ്യില്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലോക പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കും. മയ്യില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നേരിട്ടും മണ്ഡലത്തിലെ മറ്റ് സ്‌കൂളുകളില്‍ ഓണ്‍ലൈനായും പരിപാടി നടക്കും.
ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ ശ്രീ ജീവന്‍ ബാബു ഐ എ എസ് പരിപാടിയില്‍ പങ്കെടുക്കും.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ കാലത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഓരോ വിദ്യാര്‍ത്ഥിക്കും ഏറ്റവും നൂതനമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.അടിസ്ഥാന സൗകര്യ മേഖലയില്‍ ആധുനീകവും അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും,സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഐ ടി ലാബുകള്‍,കുട്ടികളില്‍ വിവിധ ഭാഷകളില്‍ നൈപുണ്യം വളര്‍ത്തുന്നതിനായി ആധുനിക ഭാഷ ലാബുകള്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറികള്‍ എന്നിവക്ക് പുറമെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടുകള്‍ എന്നിവ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്‌കൂളുകളില്‍ നടപ്പിലാക്കും.
സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ, എക്‌സൈസ്, വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചെയര്‍മാനും ഡിഡിഇ ജനറല്‍ കണ്‍വീനറും ആയി ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമായി കുട്ടികളുടെ കായികക്ഷമതാ പരിശോധന എല്ലാ പഞ്ചായത്തിലും നടന്നുകഴിഞ്ഞു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഴുവന്‍ സ്‌കൂളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ക്ഷമതാ പരിശോധന നടത്തുകയും അവര്‍ക്കുള്ള പോരായ്മകള്‍ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയും ചെയ്യും. മണ്ഡലത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ശേഖരിക്കാനും ഇതിലൂടെ അംഗന്‍വാടികള്‍ മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയും വിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍ ലഭിക്കുന്നതുവരെയും ഉള്ള കാര്യങ്ങള്‍ ശേഖരിക്കുകയും ചെയ്യും.
ഇതുകൂടാതെ ഓരോ പഞ്ചായത്തിലും മികച്ച ഓരോ കായിക ടീമുകളെ വളര്‍ത്തിയെടുക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അതത് പ്രദേശത്തെ ഏറ്റവും കൂടുതല്‍ താല്പര്യമുള്ള കായിക ഇനത്തെ ഉപയോഗിച്ച് ദേശീയ അന്തര്‍ ദേശീയ നിലവാരമുള്ള ടീമുകള്‍ ഉണ്ടാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ യു പി തലം മുതലുള്ള കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി മെയ് മാസത്തില്‍ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് എക്‌സ്‌പോ സംഘടിപ്പിക്കും. കുട്ടികള്‍ക്ക് ഭാവിയില്‍ ഏതെല്ലാം മേഖലയില്‍ സ്‌കോളര്‍ഷിപ്പ് സംവിധാനത്തോടെ പഠിക്കാന്‍ സാധിക്കും, അവരവരുടെ അഭിരുചിക്ക് അനിയോജ്യമായ കോഴ്‌സുകള്‍ ഏതെല്ലാമാണ് തുടങ്ങിയവയിലൊക്കെ കൃത്യമായ അവബോധം നല്‍കുക എന്നതാണ് എക്‌സ്‌പോ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ എക്‌സ്‌പോയില്‍ തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പേരുകൂടി ലോഞ്ച് ചെയ്യും.
ഏതെങ്കിലും ഒന്നോ രണ്ടോ പരിപാടി നടത്തി അവസാനിപ്പിക്കുക എന്നതല്ല എല്ലാവര്‍ഷവും സമയബന്ധിതമായി മുഴുവന്‍ പരിപാടികളും നടത്തി വിദ്യാഭ്യാസ രംഗത്ത് ശരിയായ ഇടപെടല്‍ നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.
മുന്നേറ്റത്തിന്റെ നൂറുമേനിയില്‍ തളിപ്പറമ്പ്; നേടിയെടുത്തത് 120 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍
തളിപ്പറമ്പ്: നാട് മുന്നേറിയ പത്തുമാസങ്ങള്‍ക്കാണ് തളിപ്പറമ്പ് സാക്ഷ്യംവഹിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മണ്ഡലത്തില്‍ ഇതുവരെ ആകെ 120 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുതുതായി നടപ്പിലാക്കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ അനുവദിച്ച പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. മുന്‍ എംഎല്‍എ ജെയിംസ് മാത്യു നല്‍കിയ പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി നേടുന്നതിനോടൊപ്പം പുതിയ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി ലഭ്യമായത്.
വെള്ളിക്കീല്‍ ടൂറിസം വികസനത്തിനായി 8 കോടി രൂപയാണ് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതിലൂടെ ലോകനിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കി വെള്ളിക്കീലിനെ മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.
മയ്യില്‍ സ്‌കൂള്‍ ഗ്രൗണ്ടിനായി 4 കോടി രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കുട്ടികളുടെ ശാരീരികോല്ലാസത്തിന് പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് തുക വകയിരുത്തിയത്.
കില തളിപ്പറമ്പ് കാമ്പസില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി 3.90 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയത്. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ കുറ്റിക്കോല്‍ കോളനിക്കും നെല്ലിപ്പറമ്പ കോളനിക്കും ഒരു കോടി രൂപയുടെ വീതം ഭരണാനുമതി ലഭ്യമായിക്കഴിഞ്ഞു. കോളനികളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനാണ് തുക ചിലവഴിക്കുക.
കൂവോട്പറപ്പൂല്‍വെള്ളിക്കീല്‍ റോഡിന് 2.5 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയത്.
മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബഡ്ജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മയ്യിലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 3 കൂടി രൂപ കിഫ്ബി സഹായത്തോടെ അനുവദിച്ചിട്ടുണ്ട്.
പരിയാരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ ഹയര്‍ സെക്കണ്ടറി ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായും 3 കോടി രൂപ കിഫ്ബി സഹായത്തോടെ അനുവദിച്ചു. ഗവ. ഹൈസ്‌കൂള്‍ കുറ്റ്യേരിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 3 കോടി രൂപ കിഫ്ബി സഹായത്തോടെ അനുവദിച്ചു. ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മോറാഴയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 3കോടി രൂപ കിഫ്ബി സഹായത്തോടെ അനുവദിച്ചു.
കൂവോട് പബ്ലിക് ലൈബ്രറി കെട്ടിട വിപുലീകരണത്തിന് 14 ലക്ഷം രൂപയും
ചെറുശ്ശേരി സര്‍ഗ്ഗാലയ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന് 98 ലക്ഷം രൂപയും, മങ്ങാട്ടുപറമ്പ് മാതൃ ശിശു ആശുപത്രി പീഡിയാട്രിക് ഐസിയുവിനായി 29.5 ലക്ഷം രൂപയും
പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം റോഡ് പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.
ഒടുവള്ളി ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തിനായി 1.74 കോടി രൂപ കിഫ്ബി ഫണ്ട്, എംഎല്‍എ ഫണ്ട് എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്നു. കുറ്റ്യേരി ഹൈ സ്‌കൂള്‍, ചട്ടുകപ്പാറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബസ്സ് സൗകര്യം ഏര്‍പ്പെടുത്താന്‍ 22 ലക്ഷം വീതവും എംഎല്‍എ ഫണ്ട് അനുവദിച്ചു.
മോറാഴ സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപ അനുവദിച്ചു. മലപ്പട്ടം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് 4 ലക്ഷം രൂപയും അനുവദിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകള്‍ക്കായി 2 കോടി രൂപ അനുവദിച്ചു. ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ മങ്കര പാലത്തിന് 11.36 കോടി രൂപ അനുവദിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ തിമിരി, വെള്ളാട് വില്ലേജുകളില്‍ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനത്തിന് 61.75 കോടി രൂപയാണ് അനുവദിച്ചത്.
പന്നിയൂര്‍ വില്ലേജ് ഓഫീസ് ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും
മണ്ഡലത്തിലെ വിവിധ തീരദേശ റോഡുകള്‍ക്ക് 1.81 കോടി രൂപയും അനുവദിച്ചു. പി ഡബ്ല്യൂ ഡി റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് 66.25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കുറ്റ്യേരി ഹൈസ്‌കൂള്‍, തടിക്കടവ് ഹൈസ്‌കൂള്‍ എന്നിവയുടെ വികസനത്തിന് 1 കോടി രൂപ വീതമാണ് അനുവദിച്ചത്. ചട്ടുകപ്പാറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌റ്റേജ്, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയുടെ നിര്‍മ്മാണത്തിന് 1.30 കോടി രൂപയും അനുവദിച്ചിരുന്നു. കുറുമാത്തൂര്‍ പിഎച്ച്‌സി വികസന പ്രവര്‍ത്തനത്തിന് 15 ലക്ഷം രൂപയും തളിപറമ്പ് താലൂക്ക് ആശുപത്രിയില്‍ മെറ്റെര്‍നിറ്റി ബ്ലോക്ക് വിപുലീകരണത്തിന് 1 കോടി രൂപയും അനുവദിച്ചിരുന്നു.