ആംബുലന്‍സ് ഡ്രൈവര്‍ മിഥുന്റെ ശവസംസ്‌ക്കാരം നാളെ.

പരിയാരം: മൊയ്തുപാലത്തില്‍ വാഹനാപകടത്തില്‍ മരിച്ച മിഥുന്റെ ശവസംസ്‌ക്കാരം നാളെ നടക്കും.

ഇന്നലെ രാത്രി പത്തരയോടെ  തലശ്ശേരി മൊയ്തുപാലത്തിന് സമീപം അഗ്‌നി രക്ഷാ സേനയുടെ വാഹനവും ആബുലന്‍സും കൂട്ടിയിടിച്ചാണ് ആംബുലന്‍സ് ഡ്രൈവര്‍ ഏഴോം കൊട്ടിലയിലെ മിഥുന്‍(36)മരിച്ചത്.

മൂന്നുപേര്‍ക്ക് പരിക്കേറ്റു.

വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ വീട്ടില്‍ പി.സിന്ധു, പ്രവീണ്‍, സുകേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടന്നയുടന്‍ മിഥുനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.

തീപ്പിടുത്തം ഉണ്ടായതിനെ മുഴുപ്പിലങ്ങാട് കുളം ബസാറിലേക്ക് പോകുകായിരുന്ന കെ.എല്‍-01 ബി.വി 4120 ഫയര്‍ ഫോഴ്‌സിന്റെ വാഹനവും പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും മരണപ്പെട്ട ചിറക്കുനിയിലെ എം. ഹരിദാസന്റെ മൃതദേഹവുമായി പോവുകയായിരുന്ന കെ.എല്‍-86-7658 നമ്പര്‍ ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ സുകേഷും, സിന്ധുവും ഹരിദാസന്റെ മക്കളാണ്, പ്രവീണ്‍ മറ്റൊരു മകളുടെ ഭര്‍ത്താവാണ്. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കില്ല.

നാലുമാസമായി പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിന് സമീപത്തെ റെഡ്‌വിംങ്‌സ് ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മിഥുന്‍. 

ഓണപ്പറമ്പ് കൊട്ടിലയിലെ കൊയോന്‍ അശോകന്‍-തമ്പിലത്ത് നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ ഇ.വി.രാഗി, മകന്‍: റയാന്‍. സഹോദരന്‍ നിധിന്‍.