മൃഗങ്ങള്‍ക്കും സഞ്ചരിക്കുന്ന ആശുപത്രിയായി–

കണ്ണൂര്‍: വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കാന്‍ ഇനി മൃഗഡോക്ടര്‍ ആധുനിക ഉപകരണങ്ങളുള്ള ആംബുലന്‍സില്‍ വീട്ടിലെത്തും.

ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലന്‍സ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫഌഗ് ഓഫ് ചെയ്തു.

മലയോരത്തടക്കം ക്ഷീരകര്‍ഷകര്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും ഈ സൗജന്യ സേവനം ആരംഭിച്ചത്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.15 കോടി രൂപ ചെലവഴിച്ചാണ് ആധുനിക ടെലി വെറ്ററിനറി യൂണിറ്റ് ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമാക്കിയത്.

കിടപ്പിലായ മൃഗങ്ങളെ ഉയര്‍ത്താനുള്ള കൗ ഫില്‍ട്ടര്‍, ഡിജിറ്റല്‍ എക്‌സ്‌റേ മെഷീന്‍, മൈക്രോസ്‌കോപ് ഫ്രിഡ്ജ്, ജനറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ആംബുലന്‍സില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പി.ജി ഡോക്ടറും എക്‌സ്‌റേ ടെക്‌നീഷ്യനും ആംബുലന്‍സില്‍ ഉണ്ടാകും.

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് തുടക്കത്തില്‍ സേവനം ലഭിക്കുക. ചികിത്സയ്ക്കായി അതതു സ്ഥലങ്ങളിലെ മൃഗാശുപത്രിയുമായാണ് ബന്ധപ്പെടേണ്ടത്.

തദ്ദേശസ്ഥാപനങ്ങളിലെ മൃഗഡോക്ടറുടെ നിര്‍ദേശം ലഭിച്ചാലായിരിക്കും ജില്ലാ ആശുപത്രിയില്‍ നിന്നു ആംബുലന്‍സ് സേവനം ലഭ്യമാക്കുക.

ആംബുലന്‍സ് യൂണിറ്റെത്തി രോഗനിര്‍ണയം കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ചികിത്സ അതാതു സ്ഥലങ്ങളിലെ മൃഗഡോക്ടറുടെ നേതൃത്വത്തില്‍ നടക്കും.

ഒരേ സമയം ഒന്നില്‍ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു സേവനത്തിന് വിളിച്ചാല്‍ ആദ്യം വിളിക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ് ജെ ലേഖ പറഞ്ഞു.

ചടങ്ങില്‍ മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജാന്‍സി സി കാപ്പന്‍ അധ്യക്ഷത വഹിച്ചു.

ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.എസ.ജെ.ലേഖ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.കെ.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.