മുസ്ലീം വിരുദ്ധ പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മുസ്ലീം വിരുദ്ധ പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി.

മതത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വോട്ട് തേടിയെന്നും അതുകൊണ്ട് പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം രാജസ്ഥാൻ പ്രസംഗത്തിന്‍റെ പേരിൽ പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ മുസ്ലിങ്ങളെ കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും നുഴഞ്ഞു കയറ്റക്കാർ എന്നും പ്രധാനമന്ത്രി അധിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലും കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരെ കോട്ടയത്ത് വെച്ച് നടത്തിയ പ്രസം​ഗത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകിയത്.