പോലീസുകാര്‍ക്കും മേരിഭവനും നൊമ്പരം ബാക്കി-മുനിയമ്മ(75)യാത്രയായി.

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: റെയില്‍വെ സ്‌റ്റേഷനില്‍ അനാഥമൃതദേഹമായി മാറുമായിരുന്ന മുനിയമ്മ തന്നെ മേരിഭവന്റെ സുരക്ഷിതത്വത്തിലും കാരുണ്യത്തിലും ഏല്‍പ്പിച്ച് തിരിച്ചുപോകുന്ന പോലീസുകാരെ നോക്കി നന്ദിപൂര്‍വ്വം കൈകൂപ്പി നില്‍ക്കുന്ന ഫോട്ടോ കണ്ട് അവരെയൊന്ന് പോയി കാണണമെന്നാഗ്രഹിച്ച റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍  അഷറഫ് ഇബ്രാഹിന്റെ ഫേസ്ബുക്ക് കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒന്നായി മാറി.

കരുതലിന്റെ സ്‌നേഹം ഒരാഴ്ച്ച മാത്രം അനുഭവിച്ച ശേഷമാണ് പോലീസുകാരെയും മേരിഭവനെയും കണ്ണീരിലാഴ്ത്തി മുനിയമ്മ(75)യാത്രയായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട തമഴ്‌നാട് സേലം സ്വദേശിനിയെ കണ്ണൂര്‍ റെയില്‍വെ പോലീസാണ് സംരക്ഷിച്ച് പരിയാരം ശ്രീസ്ഥയിലെ മേരിഭവനില്‍ എത്തിച്ചത്.

റെയില്‍വെ പോലീസ് എസ്.ഐ രാജന്‍ കോട്ടമലയിലാണ് പ്ലാറ്റ്‌ഫോമില്‍ അവശനിലയില്‍ കണ്ട മുനിയമ്മക്ക് ഭക്ഷണം വാങ്ങി നല്‍കുകയും കണ്ണൂരിലെ സ്‌നേഹിത ഹെല്‍പ്പ്‌ഡെസ്‌ക്കിലെത്തിക്കുകയും ചെയ്തത്.

അവിടെ രണ്ട് ദിവസത്തില്‍ കൂടുതല്‍ താമസിപ്പിക്കാനാവില്ലെന്നറിയിച്ചതോടെയാണ് എസ്.ഐ രാജനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരിദാസനും സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് കാനായി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയും ചേര്‍ന്ന് പരിയാരം മേരിഭവനില്‍ കൊണ്ടുവന്നത്.

മേരിഭവനിലെ സിസ്റ്റര്‍മാര്‍ എത്രനാള്‍ വേണമെങ്കിലും ഇവിടെ താമസിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് മുനിയമ്മയെ സ്വീകരിച്ചത്. ഇന്നലെ(ഫെബ്രുവരി-18)യാണ് എല്ലാവരെയും ദുഖത്തിലാഴ്ത്തി മുനിയമ്മ മരണപ്പെട്ടത്.

പോലീസും മേരിഭവന്‍ അധികൃതരും മുന്‍കൈയെടുത്ത് മൃതദേഹം ശ്രീസ്ഥ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

അവസാന ദിവസങ്ങളിലെങ്കിലും നല്ല വസ്ത്രം ധരിച്ചും നല്ല ഭക്ഷണം കഴിച്ചും മേരി ഭവനിലെ കന്യാസ്ത്രീകളായ കുറെ സഹോദരിമാരുടെ സ്‌നേഹം അനുഭവിച്ചിട്ടാണല്ലോ മുനിയമ്മ യാത്രയായത് എന്ന ആശ്വാസത്തിലാണ് എസ്.ഐ രാജനും പോലീസുകാരും.

അഷറഫിന്റെ കുറിപ്പാണ് റെയില്‍വെ പോലീസിന്റെ ഈ കാരുണ്യപ്രവൃത്തി പൊതുസമൂഹത്തിലേക്ക് എത്തിച്ചത്.