സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാല് ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍.

തലശ്ശേരി: സി.പി.എം.പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് ബി.ജെ.പി.പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തലശേരി അസി.സെഷന്‍സ് ജഡജ് കെ.ബി.വീണ വിധിച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും.

ആര്‍.എസ്.എസ്-ബി.ജെ.പി.പ്രവര്‍ത്തകരായ നാല് പേരാണ് കേസിലെ പ്രതികള്‍. 2008 മാര്‍ച്ച് ആറിന് രാത്രി പത്ത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

സി.പി.എം.പ്രവര്‍ത്തകനായ തൃപ്പങ്ങോട്ടൂരിലെ കല്ലിന്റവിട കെ.ജ്യോതിരാജിനെ(36)യാണ് വിളക്കോട്ടൂരിലെ കുനിയില്‍ രാജീവന്‍ (38),പൊയിലൂരിലെ കുണ്ടഞ്ചാലില്‍ രമേശന്‍ (40), വട്ടപൊയിലുമ്മല്‍ രാജേഷ് (36) കൊക്കണ്ടീന്റവിട പ്രമോദ് (34) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഏഴര മാസത്തോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിയിലുമായിരുന്നു ജ്യോതിരാജ്.

ഇദ്ദേഹത്തിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി രണ്ടര ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കുഞ്ഞി പറമ്പത്ത് പ്രദീപന്റെ വീട്ടില്‍ നിന്നും ടെലിവിഷന്‍ കണ്ട് വീട്ടിലേക്ക് പോവുമ്പോള്‍ തൃപ്പങ്ങോട്ടൂര്‍ എല്‍.പി.സ്‌കൂളിന് സമീപം വെച്ചാണ് അക്രമം നടന്നത്.

അരയാക്കണ്ടി ശങ്കരന്‍, പോലീസ് ഓഫീസര്‍മാരായ പി.കെ.സന്തോഷ്, കെ.വി.രഘുരാമന്‍, വി.പി.സുരേന്ദ്രന്‍, പി.ചന്ദ്രന്‍, വിനോദ്, ജയന്‍ ഡൊമനിക്ക്, ഡോക്ടര്‍മാരായ ശിവകുമാര്‍, ചന്ദ്രശേഖരന്‍

,അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പി.കെ.സുധീര്‍കുമാര്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരായത്.