കസ്തൂരി മാഫിയ തലവന്‍ ജിഷ്ണുദാസിനായി അന്വേഷണം ഊര്‍ജ്ജിതം.
തളിപ്പറമ്പ്: കസ്തൂരി കടത്ത് കേസില്‍ പ്രധാന പ്രതി ജിഷ്ണുദാസിന് വേണ്ടി തളിപ്പറമ്പ് റേഞ്ച് വനം വകുപ്പ് അധികൃതര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇന്നലെ അറസ്റ്റിലായ കുഞ്ഞിമംഗലം കൊവ്വപ്രത്തെ റഹീമ മന്‍സിലില്‍ എം.റിയാസ്(35), പാടിച്ചാല്‍ ഞെക്ലിയിലെ കൊമ്മച്ചി ഹൗസില്‍ തെക്കെ പാറമ്മല്‍ ടി.പി.സാജിദ്(40), വയക്കര കുറ്റിക്കാട്ടൂര്‍ വീട്ടില്‍ കെ.ആസിഫ്(31), പഴയങ്ങാടി നെരുവമ്പ്രത്തെ വി.പി.വിനീത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂരിലെ ഏജന്റ് ജിഷ്ണുദാസിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
ഇയാള്‍ ഒരു കേസില്‍ പ്രതിയായി ജയിലില്‍ റിമാന്‍ഡിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
സിക്കിം അതിര്‍ത്തിയില്‍ ഹിമാലയന്‍ താഴ്‌വരയില്‍ നിന്നാണ് ഹിമാലയന്‍ മസ്‌ക്ക് ഡീര്‍ എന്നറിയപ്പെടുന്ന കസ്തൂരിമാനെ പിടികൂടി കൊന്ന് കസ്തൂരി ശേഖരിക്കുന്നത്.
കള്ളക്കടത്തായി കൊണ്ടുവരുന്ന കസ്തൂരി കേരളത്തില്‍ വിപണനം ചെയ്യുന്നതിന്റെ പ്രധാന ഏജന്റാണ് ജിഷ്ണു.
ഇയാളെ പിടികൂടിയാല്‍ മാത്രമേ കസ്തൂരി കടത്തിലെ മറ്റ് കണ്ണികളെ പിടികൂടാന്‍ സാധിക്കുകയുള്ളൂ.
ഇന്നലെ പാടിച്ചാലില്‍ വെച്ച് പിടികൂടിയത് ഒറിജിനല്‍ കസ്തൂരി തന്നെയാണെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.
ഇതിന്റെ ഡി.എന്‍.എ പരിസോധനകള്‍ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
ഉത്തര്‍ഖണ്ഡിലെ കേദാര്‍നാഥ് ഫോറസ്റ്റ് റേഞ്ചില്‍ നിന്നാണ് കസ്തൂരിമാനുകളെ പിടികൂടി കൊലപ്പെടുത്തി കസ്തൂരി എടുത്ത് കോടികള്‍ക്ക് വില്‍പ്പന നടത്തുന്നത്.
ഇതിന്റെ കണ്ണികളെ കണ്ടെത്താന്‍ ഇതേവരെ വനംവകുപ്പ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല.
ഇന്നലെ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തിരിക്കയാണ്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.