സി.പി.എം സ്വയം പരിഹാസ്യരാകുന്നു-മുര്‍ഷിദ കൊങ്ങായി
തളിപ്പറമ്പ്: ലൈഫ് പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ അഴിമതി ആരോപണം ഉന്നയിച്ച് സിപിഎം സ്വയം പരിഹാസ്യരാകരുതെന്ന് തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ മുര്‍ഷിദാ കൊങ്ങായി.
നഗരസഭ പരിധിയിലെ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്കുവാനുളള പദ്ധതിക്കാണ് പുളിമ്പറമ്പില്‍ സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ ഐക്യകണ്ഠനെ തീരുമാനിച്ചത്. വില നിര്‍ണയിക്കാന്‍ വില്ലേജ് ഓഫീസറെയും തഹസില്‍ദാരെയും ചുമതലപ്പെടുത്തുകയും ചെയ്തു. ഈ സമയം വരെ നഗരസഭക്ക് വില നിര്‍ണയിച്ചു കിട്ടിയിട്ടില്ല. വസ്തുത ഇതായിരിക്കെ ഏറ്റെടുക്കാത്ത സ്ഥലത്തെക്കുറിച്ച് അഴിമതിയുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സിപിഎം എല്ലാവരും തങ്ങളെ പോലെയാണെന്ന് കരുതരുത്. പ്രസ്തുത ഭവന പദ്ധതിക്ക് ഈ ഭരണസമിതി തന്നെ തുടക്കം കുറിച്ചാല്‍ അത് തളിപ്പറമ്പിലെ ചില സി.പി.എം പാര്‍ട്ടി പോക്കറ്റുകളിലെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും അതുവഴി മൂന്ന് തവണ നഗരസഭ ഭരണം കയ്യാളിയിട്ടും ഒന്നും ചെയ്യാത്ത സിപിഎമ്മിന്റെ തനിനിറം സഖാക്കള്‍ തിരിച്ചറിയുമെന്നും അത്
ഏത് വിധേയനേയും നഗരസഭ പിടിക്കാനുള്ള തങ്ങളുടെ അതിമോഹത്തിന് വിലങ്ങാവുമെന്നും സിപിഎം മനസ്സിലാക്കിയതുകൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ഭവന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം അഴിമതി ആരോപണം ഉന്നയിച്ച് തടയാന്‍ ശ്രമിക്കുന്നത്.
മാലിന്യ മുക്ത നഗരസഭ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരം ശുചീകരിക്കുന്നതിന് നഗരസഭ ആവശ്യപ്പെട്ട പ്രകാരം 28.11.2023 ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് 73 കണ്ടിജന്റ് വര്‍ക്കര്‍മാരുടെ ലിസ്റ്റ് ലഭിക്കുകയും ഇന്റര്‍വ്യൂ നടത്തി എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് 23.12.2023 നഗരസഭ കൗണ്‍സില്‍ ഐക്യകണ്ഠേന ഏഴുപേരെ നിയമിക്കുകയും ചെയ്തു. നിയമനം നടത്തി ഒന്നേ മുക്കാല്‍ വര്‍ഷം നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ ഉള്‍പ്പെടെ ഒരു ആരോപണവും ഉന്നയിക്കാത്തവര്‍ ഇപ്പോള്‍ ആരോപണം കൊണ്ട് വരുന്നത് എന്ത് കണ്ടിട്ടാണ് എന്നത് ജനങ്ങള്‍ക്ക് അറിയാം. തന്റേടമുണ്ടെങ്കില്‍ സിപിഎം തെളിവുകള്‍ ഹാജരാക്കണം. എവിടെയും തൊടാതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതല്ല.
ആക്രി സാധനം വില്പനയുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലില്‍ ആക്ഷേപം വന്നപ്പോള്‍ തന്നെ സ്റ്റിയറിങ് കമ്മിറ്റി വിശദമായി പരിശോധിക്കുകയും റവന്യൂ സൂപ്രണ്ടിനെ വിശദമായി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നിയമപദേശത്തിന് അയക്കുകയും ചെയ്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കുകയും മറുപടി ലഭ്യമാക്കുകയും ചെയ്തു. അടുത്ത കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ അതിന്റെ പേരില്‍ ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത് അടുത്ത നഗരസഭാ യോഗത്തില്‍ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് തങ്ങളുടെ പേരില്‍ വരവ് വെച്ച് എട്ടുകാലി മമ്മൂഞ്ഞി ചമയാനാണ്.
എംഎല്‍എയുടെ വികസനത്തെ കുറിച്ച് പറയുന്നവര്‍ കഴിഞ്ഞ നാലര വര്‍ഷം കാര്യമായ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് തളിപ്പറമ്പ നഗരസഭയില്‍ കൊണ്ടുവന്നതെന്ന് വ്യക്തമാക്കണം.

തളിപ്പറമ്പിനകത്തും പുറത്തുമുള്ള മലയോര നിവാസികള്‍ ഉള്‍പ്പെടെ ദിവനേന ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പോലും മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ വലിയ വലിയ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തിപ്പോകുന്നതാണോ നേട്ടം? ആ കുറവുകള്‍ പോലും സാധ്യമായ രീതിയില്‍ പരിഹരിക്കുന്നത് തളിപ്പറമ്പ് നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ്. മൊബൈല്‍ ഡിസ്പെന്‍സറി ക്കുള്ള വാഹനം വാങ്ങിയതും
ആറു വര്‍ഷമായി മുടങ്ങിക്കിടന്ന കണ്ണ് ഓപ്പറേഷന് സംവിധാനത്തിനുള്ള ആധുനിക ഉപകരണങ്ങള്‍ ഒരുക്കിയതും ഉദാഹരണങ്ങള്‍ മാത്രം. ഡോക്ടര്‍മാരെ സമയബന്ധിതമായി നിയമിക്കാത്തതിനാല്‍ പ്രസവം പോലും മുടങ്ങിയത് താലൂക്ക് ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമാണ്. എച്ച്.എം.സിയും നഗരസഭയും നിരന്തരം ഇക്കാര്യങ്ങള്‍ സര്‍ക്കാറിന്റെയും എം.എല്‍.എയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടാവുന്നില്ല എന്നത് സിപിഎം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയെ പരിപോഷിപ്പിക്കാനാണോ എന്ന് സിപിഎം വ്യക്തമാക്കണം.
കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്തും ജില്ലയിലും മികച്ച നേട്ടം കൈവരിച്ചതും എംഎല്‍എയും സിപിഎം നേതാക്കളും നഗരസഭ ഓഫീസില്‍ വന്നു നേതൃത്വം നല്‍കിയതുകൊണ്ടാണെന്ന് മാത്രം പറഞ്ഞേക്കരുത്. മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ ഗവണ്മെന്റിന്റെ നീതി ആയോഗിന്റെ അംഗീകാരവും സംസ്ഥാന ഗവണ്മെന്റ് അംഗീകാരവും നേടിയ നഗരസഭ വികസന പ്രവര്‍ത്തനങ്ങളുടെ വിസ്മയം തീര്‍ത്താണ് മുന്നോട്ടുപോകുന്നത്.
ലൈഫ് പാര്‍പ്പിട പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ആനുകൂല്യം നല്കി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തളിപ്പറമ്പ് നഗരസഭകുള്ള അംഗീകാരം ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷില്‍ നിന്നും ആദരവ് ഏറ്റുവാങ്ങിയ നഗരസഭയാണ് നമ്മുടേത്. സമൂഹത്തിലെ ഏറ്റവും പ്രയാസപ്പെടുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി ബഡ്സ് സ്കൂള്‍ ആരംഭിച്ചതും ഏറെക്കാലമായി ഗതാഗത പ്രശ്നം നേരിടുന്ന ചിറവക്ക് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചതും കുപ്പം മുക്കോല പുളിമ്പറമ്പ എന്നീ പ്രദേശങ്ങളില്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അമൃത് പദ്ധതിയുടെ ഭാഗമായി പുഷ്പഗിരി, പുളിമ്പറമ്പ്, പട്ടപ്പാറ എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചു നഗരസഭയുടെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിച്ചതും രണ്ടായിരത്തോളം സൗജന്യ ഗാര്‍ഹിക കുടിവെള്ള കണക്ഷന് നല്‍കാനുള്ള പദ്ധതിയും നഗരസഭയുടെ അഭിമാന നേട്ടങ്ങളാണ്. പുളിമ്പറമ്പ് വ്യവസായ എസ്റ്റേറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന നഗരസഭ വൈറ്റനറി ഹോസ്പിറ്റല്‍ നവീകരണം പൂര്‍ത്തീകരിച്ചതും എടുത്തു പറയേണ്ടതാണ്. ജില്ലാ വെറ്റിനറി ഹോസ്പിറ്റല്‍ കഴിഞ്ഞാല്‍ ജില്ലയിലെ ഏക ഓപ്പറേഷന് തിയേറ്റര്‍ സംവിധാനം ഉള്ള വെറ്റിനറി ഹോസ്പിറ്റല്‍ തളിപ്പറമ്പ് നഗരസഭയില്‍ ആണുള്ളത്.
നഗരസഭ കാര്യാലയത്തില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളും മനോഹര ഓഫീസ് സംവിധാനങ്ങളും ജനങ്ങളുടെ മുക്തകണ്ഠ പ്രശംസക്ക് വിധേയമായ വികസന പ്രവര്‍ത്തനങ്ങളാണ്. ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ആധുനിക രീതിയിലുള്ള വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റും സ്ത്രീ സുരക്ഷയുടെ ഭാഗമായി പൂര്‍ത്തീകരിച്ച ഷീ ലോഡ്ജും
പുഷ്പഗിരി സ്പോര്‍ട്സ് ഹബ്ബും ഉദ്ഘാടനത്തിന് സജ്ജമായി. ഏറെക്കാലമായി പ്രയാസം നേരിടുന്ന സലാമത്ത് നഗര്‍ കാക്കത്തോട് പാളയാട് തോട് നവീകരണ പ്രവര്‍ത്തിയും പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
ഫാറൂഖ് നഗറില്‍ വനിതാ ഫിറ്റ്നസ്, കുണ്ടാം കുഴിയില്‍ അപ്പാരല്‍ പാര്‍ക്ക്, ഏഴാംമലില് എസ്.സി,.ഹോസ്റ്റല്‍, കൂവോട് ആയുര്‍വേദ ആശുപത്രി നവീകരണവും ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ പ്രവര്‍ത്തനങ്ങളാണ്.
നഗരസഭയിലെ 22 അംഗന്‍വാടികളും നവീകരിച്ചു.
നഗര സഭയിലെ അടിസ്ഥാന വികസനം എത്തിക്കാന്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ച തളിപ്പറമ്പ നഗരസഭയക്ക് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ നുറുകണക്കിന് ജനോപകാര പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ സാധിക്കും. എന്നാല്‍ അങ്ങനെയൊരു പട്ടിക പുറത്തിറക്കാന്‍ എംഎല്‍എക്ക് സാധിക്കുമോ.
നഗരസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിസ്ഥാനമില്ലാത്ത എന്തെങ്കിലും വിളിച്ചുപറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സ്ഥിരം വേല ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് സിപിഎം മനസ്സിലാക്കണം.
