നടുവില്‍-പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല- ഇന്ന് നേതാക്കള്‍ പ്രതിപക്ഷനേതാവിനെ കാണും-

നടുവില്‍: നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഉടലെടുത്ത സംഘടനാ വിഷയങ്ങള്‍ പരിഹാരമാകാതെ തുടരുന്നു.

കെ.റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഡി.സി.സി നിര്‍ദ്ദേശപ്രകാരം വിളിച്ച് ചേര്‍ത്ത ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗമാണ് ഭാരവാഹികളുടെ എതിര്‍പ്പ് മൂലം നടത്താനാകാതെ പിരിയേണ്ടിവന്നത്

പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റി എടുക്കുന്ന തിരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള യന്ത്രങ്ങളല്ല പാര്‍ട്ടി കമ്മിറ്റികളെന്നും കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ വില വെയ്ക്കാത്ത സാഹചര്യത്തില്‍ കമ്മിറ്റി യോഗം നടത്തേണ്ടതില്ലെന്നും ഭാരവാഹികളില്‍ ഭൂരിപക്ഷവും, നിലപാടെടുത്തു.

ഈ വിഷയം ഇന്നലെ ചേര്‍ന്ന ഡി.സി സി യോഗത്തില്‍ അവതരിപ്പിച്ച ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റിന് ഡി.സി സി യോഗത്തില്‍ മറുപടി പോലും ലഭിക്കാത്ത സാഹചര്യത്തില്‍ എന്തിനാണ് ഈ കമ്മിറ്റികള്‍ എന്ന ചോദ്യത്തിന് ഡി.സിസി ഭാരവാഹികളായ തോമസ് വെക്കത്താനം ജോസ് വട്ടമല, ബിജു പുളിയംതൊട്ടി എന്നിവര്‍ക്ക് മറുപടി പറയാനായില്ല.

നടുവില്‍, കരുവന്‍ചാല്‍ മണ്ഡലം കമ്മറ്റികളുടെ അഭിപ്രായങ്ങള്‍ക്ക് വില കല്പിക്കാതെ ഈ സംഘടനാ സംവിധാനങ്ങളെ ഇരുട്ടില്‍ നിറുത്തി ഡി.സിസി നടുവില്‍ പഞ്ചായത്ത് വിഷയത്തില്‍ സി.പിഎം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്ന ബേബി ഓടംപളളിയെ തിരിച്ചെടുത്ത ഉടന്‍ കോണ്‍ഗ്രസ്സിന്റെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത ഏകപക്ഷീയ നിലപാടാണ് കോണ്‍ഗ്രസിന്റെയും യു.ഡിഎഫിന്റെയും ശക്തികേന്ദ്രമായ മലയോരത്തെ പാര്‍ട്ടിയില്‍ ഉടലെടുത്ത അസ്വസ്ഥതകള്‍ക്ക് കാരണം.

ഡിസിസിയുടെ ഈ നിലപാട് ഗ്രൂപ്പ് വിത്യാസമില്ലാതെയാണ് പാര്‍ട്ടി ഭാരവാഹികള്‍ എതിര്‍ക്കുന്നത്.

ബ്ലോക്ക് ഭാരവാഹികളായ വര്‍ഗിസ് പയ്യംപള്ളില്‍, ടി എന്‍ ബാലകൃഷ്ണന്‍ ജോണ്‍സണ്‍ മഞ്ഞക്കുന്നേല്‍, ബിജു പുതുപറമ്പില്‍, റോയി ചക്കാനിക്കുന്നേല്‍, ബെന്നി പീടിയേക്കല്‍, വിന്‍സന്റ് പല്ലാട്ട്, ടോമി കുമ്പിടിയാമ്മാക്കല്‍, ഷാജി പാണംകുഴി, ബാബു പള്ളിപ്പുറം, കെ.ഗോവിന്ദന്‍ മാസ്റ്റര്‍, പി.പി രാഘവന്‍, ബാബു കിഴക്കേപ്പറമ്പില്‍, പി.പി.അജയന്‍ ത്രേസ്യാമ്മ ജോസഫ് തുടങ്ങിയ നേതാക്കളൊക്കെ യോഗത്തിനെത്തിയിരുന്നു.

നാളെ മണ്ഡലം കമ്മറ്റികള്‍ യോഗം ചേരേണ്ടതാണെങ്കിലും നടുവിലും കരുവന്‍ ചാലിലും ഈ സാഹചര്യത്തില്‍ യോഗം ചേരണ്ടതില്ല എന്ന് ബ്ലോക്ക് പ്രസിഡന്റ് മണ്ഡലം പ്രസിഡണ്ടുമാരെ അറിയിച്ചു.

ഇന്ന് ആലക്കോടെത്തുന്ന പ്രതിപക്ഷനേതാവിനെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി യില്‍ നടന്ന ഈ ഏകാധിപത്യ നിലപാട് തിരുത്തുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെടുമെന്ന് നേതാക്കള്‍ അറിയിച്ചു.