മഴ തോര്‍ന്നില്ലെങ്കിലും ചൂണ്ടയിടല്‍ മത്സരം ആവേശമായി. ചൂണ്ടയെറിഞ്ഞ് കളക്ടര്‍

പഴയങ്ങാടി: തോരാത്ത മഴയിലും ആവേശമായി ദേശീയ ചൂണ്ടയിടല്‍ മത്സരം. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ഏഴിലം ടൂറിസവും സംയുക്തമായി ചേര്‍ന്നാന്നാണ് ദേശീയ തലത്തില്‍ ചാമ്പ്യനെ കണ്ടു പിടിക്കുന്നതിന് ഏഴോം നങ്കലത്തെ കൊട്ടിലപ്പുഴയില്‍ മത്സരം സംഘടിപ്പിച്ചത്.

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ദേശീയ, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ,അനുഭവിക്കുന്നതിന്റയും ഭാഗമായിരുന്നു പരിപാടി.

തമിഴ്‌നാട് ,ആന്ധ്ര പ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്നായി എഴുപതോളം പേര്‍ പങ്കെടുത്തു. ഒന്നാം സമ്മാനമായി 50000 രൂപയും, രണ്ടാം സ്ഥാനക്കാരന് 25,000 രൂപയുമാണ് സമ്മാനം.

സമ്മാനങ്ങള്‍ വിവിധ സ്ഥാപനങ്ങളാണ് സ്‌പോണ്‍സര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ തൂക്കം ലഭിക്കുന്ന മത്സ്യങ്ങള്‍ പിടിക്കുന്നവരാണ് ജേതാക്കളായത്.

രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി വൈകിട്ട്‌നാലിനാണ് സമാപിച്ചത്.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ അനുകുമാരി ഐ എ എസ് , ദേശീയ ചൂണ്ടയില്‍ താരം ഡെറിക് , ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍,

ഒ.വി.നാരായണന്‍, ഏഴിലം ടൂറിസം ചെയര്‍മാന്‍ പനക്കാട് അബ്ദുല്‍ ഖാദര്‍, മാനേജിംഗ് ഡയറക്ടര്‍ പി.പി.രവീന്ദ്രന്‍, ഡി.വിമല, കെ.എന്‍.ഗീത, കെ വി രാജന്‍, എന്നിവര്‍ സംസാരിച്ചു.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ഷൈന്‍ സ്വാഗതവും, സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

മത്സരത്തില്‍ ഒന്നാം സ്ഥാനം റഫീഖ് കാദര്‍ (കാസര്‍ക്കോട്) രണ്ടാംസ്ഥാനം എന്‍.സലാഹുദീന്‍ ( മലപ്പുറം), മുന്നാം സ്ഥാനം എം.സി.രാജേഷ് .(കണ്ണൂര്‍), നാലാം സ്ഥാനം അഷ്‌റഫ് (കാസര്‍ക്കോട്) എന്നിവര്‍ കരസ്ഥമാക്കി.

ജേതാക്കള്‍ക്ക് ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഐ എ എസ്, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍, പഞ്ചായത്തംഗം കെ.വി.രാജന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.