ഒരു സാരി-ഇരുപത് സഞ്ചി-പ്രകൃതി സൗഹൃദ ബദലുമായി ചെങ്ങളായി പഞ്ചായത്ത്

ചെങ്ങളായി: ഒറ്റത്തവണ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഉറപ്പു വരുത്തുന്നതോടൊപ്പം വ്യത്യസ്തമായ ബദല്‍ ഉല്‍പ്പന്ന പ്രചാരണത്തിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു.

പഴയ സാരികള്‍ ശേഖരിച്ച് തുണി സഞ്ചികള്‍ നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

കുടുംബശ്രീ സംവിധാനത്തിന്റെ കൂടി സഹായം ഈ പ്രവര്‍ത്തനത്തിന് ലഭ്യമാക്കും. വിപണിയില്‍ ലഭ്യമായ തുണി സഞ്ചികളേക്കാള്‍ ചില മേന്മകള്‍ സാരി ഉപയോഗിച്ച് തയ്‌ച്ചെടുക്കുന്ന സഞ്ചികള്‍ക്കുണ്ട്.

പോളിസ്റ്റര്‍/ പോളിസ്റ്റര്‍ മിക്‌സഡ് സാരി സഞ്ചികള്‍ വിവിധ വര്‍ണ്ണങ്ങളിലും ഡിസൈനിലും തയാറാക്കാന്‍ സാധിക്കും.

വളരെക്കാലം ഈടു നില്‍ക്കുന്ന ഇത്തരം സഞ്ചികള്‍ പോക്കറ്റിലോ ചെറിയ പേഴ്‌സിലോ കൊണ്ടു നടക്കുവാന്‍ എളുപ്പവുമാണ്.

ഒരു സാരിയില്‍ നിന്ന് ചുരുങ്ങിയത് 20 സഞ്ചികളെങ്കിലും തയ്‌ച്ചെടുക്കാം.

മിക്കവാറും വീടുകളിലെ ഷെല്‍ഫുകളില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സാരികള്‍ ഫലപ്രദമായ രീതിയില്‍ സ്വന്തം വീട്ടിലെ ആവശ്യത്തിനും സമൂഹത്തിനും വേണ്ടി ഉപയോഗിക്കുവാനുള്ള ഒരു അവസരം കൂടി നമുക്ക് ലഭ്യമാകുന്നു.

സാരിയുടെ മാതൃകാപരമായ പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തി ബദല്‍ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ബോധവല്‍ക്കരണം നടത്തുവാനും ഗ്രാമ പഞ്ചായത്ത് ശ്രമിക്കും.

പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി.മോഹനന്‍ നിര്‍വ്വഹിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ .കെ.രവി തുണി സഞ്ചികള്‍ ഏറ്റുവാങ്ങി.

വൈസ് പ്രസിഡണ്ട് കെ.എം.ശോഭന, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.ജനാര്‍ദ്ദനന്‍, എം.എം.പ്രജോഷ്,

ചെയര്‍പേഴ്‌സണ്‍ പി.വി.രജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, മൂസാന്‍ കുട്ടി തേര്‍ളായി, അസി.സെക്രട്ടറി.എസ്.സ്മിത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു