പെരുഞ്ചെല്ലൂരില്‍ അത്യപൂര്‍വ സംഗീത വിരുന്നു സമര്‍പ്പിച്ച് അഭിഷേക് രഘുറാം

തളിപ്പറമ്പ്: ചിറവക്ക് നീലകണ്ഠ അബോഡില്‍ സംഘടിപ്പിച്ച എട്ടാമത്തെ കച്ചേരിയില്‍ ലോകശ്രദ്ധ നേടിയെടുത്ത മൃദംഗം വിദ്വാന്‍ പാലക്കാട് ആര്‍.രഘുവിന്റെ ചെറുമകനും കര്‍ണ്ണാടക സംഗീതരംഗത്തെ നവയൗവ്വനങ്ങളില്‍ ഏറ്റവും ശ്രദ്ധേയനുമായ അഭിഷേക് രഘുരാം സംഗീത കുലത്തിന്റെ പെരുമ ഉയര്‍ത്തിപ്പിടിച്ച് പെരുഞ്ചെല്ലൂരിലെ ശ്രോതാക്കള്‍ക്ക് മറക്കുവാന്‍ പറ്റാത്ത സമ്മാനം നല്‍കി.

അമ്പതു വര്‍ഷത്തില്‍ നാല് തലമുറയ്ക്കു മൃദംഗത്തില്‍ പക്കമേളമൊരുക്കിയ സീനിയര്‍ വിദ്വാന്‍ ബാംഗ്ലൂര്‍ അര്‍ജുന്‍ കുമാറും, വയലിനില്‍ യുവ പ്രതിഭ ആലങ്കോട് വി.എസ്. ഗോകുലും ചേര്‍ന്നപ്പോള്‍ ഭക്തിഭാവം തുളുമ്പുന്ന സംഗീതാമൃതമായി അത് മാറി.

ത്യാഗരാജ സ്വാമികള്‍ ചിത്ത രഞ്ജിനി രാഗത്തില്‍ രചിച്ച നാഥ തനും അനിശം എന്ന കീര്‍ത്തനത്തോടെ കച്ചേരി തുടങ്ങി. ഈശ മനോഹരി രാഗത്തിലെ മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ ഗണനാദം ഭജരെ, തോടി രാഗത്തിലെ താമദമാ ഇന്നും കാത്ത് അരുള,

ബേഗഡ രാഗത്തിലെ വാ മുരുക വാ, കാനടാ രാഗത്തിലെ ബ്രിഹദീശ്വര മഹാദേവ, യദുകുല കാംബോദിയിലെ കാമാക്ഷി സ്വരജതി എന്നീ കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആഴത്തിലുള്ള സംഗീത ഉള്‍ക്കാഴ്ചകളും വര്‍ഷങ്ങളായി തുടരുന്ന അശ്രാന്തപരിശീലനവും,

ആവേശകരമായ മൂന്നു മണിക്കൂര്‍ നീണ്ട കച്ചേരിയുടെ ഒടുവില്‍ കേരളത്തിലെ പല ഭാഗത്തില്‍ നിന്നും വന്ന ശ്രോതാക്കളെ ആനന്ദ നിര്‍വൃതിയിലാക്കി.

പൂര്‍വികല്ല്യാണി രാഗത്തിലുള്ള ദീക്ഷിതര്‍ കീര്‍ത്തനം മീനാക്ഷിമേമുദംദേഹി വിസ്തരിച്ചു ആലപിച്ചു.

വാഗധീശ്വരി രാഗത്തിലുള്ള പരമാത്മുഡുവുവെലിഗെ എന്ന ത്യാഗരാജസ്വാമികളുടെ കീര്‍ത്തനം കൂടി ആലപിച്ചപ്പോള്‍ ഭക്തിരസത്തിന്റെ പാരമ്യത്തിലെത്തിക്കുന്ന ആലാപന സവിശേഷത ഏവരും അനുഭവിച്ചറിഞ്ഞു. പി.എസ്.ഭുവനേശ്വരി കലാകാരന്മാരെ ആദരിച്ചു .