കേന്ദ്ര ഗവണ്‍മെന്റിന്റെ നയരൂപീകരണത്തില്‍ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറെ പ്രസക്തം-കേന്ദ്രമന്ത്രി വി.മുരളീധരന്‍

റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ-

തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ നയരൂപീകരണത്തില്‍ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്ന ഒരു വലിയ പ്രക്രിയയാണ് അയല്‍പക്ക യുവജനസഭകള്‍ എന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍.

കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച അയല്‍പക്ക യുവജനസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുസ്ഥിരവികസനം, നൈപുണ്യ വികസനം, സ്വാശ്രയ ഭാരതം തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് യുവജനങ്ങളെ നയിക്കുന്നതില്‍ വലിയപങ്കാണ് നെഹ്‌റു യുവകേന്ദ്ര വഹിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ മികച്ച സന്നദ്ധ സംഘടനകള്‍ക്കുള്ള നെഹ്‌റു യുവ കേന്ദ്രയുടെ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ വിതരണം ചെയ്തു.

രാജ്യത്തെ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും നെഹ്‌റു യുവകേന്ദ്ര അയല്‍പക്ക യുവജനസഭകള്‍ സംഘടിപ്പിക്കുന്നുണ്ട്.

മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ലിസി ജേക്കബ് അധ്യക്ഷത വഹിച്ചു.

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ബി.അബ്ദുല്‍ നാസര്‍, നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍

കെ.കുഞ്ഞഹമ്മദ്, നാഷണല്‍ സര്‍വീസ് സ്‌കീം കേരള സര്‍വ്വകലാശാല പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ.എ.ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.