സൗഹൃദം-82 ഒത്തുപിടിച്ചപ്പോള്‍ സുരേന്ദ്രന് സ്വന്തമായി വീടായി.
താക്കോല്‍ദാനം ഒക്ടോബര്‍-29 ന് എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
പരിയാരം: രോഗിയായ സഹപാഠിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കി സഹപാഠി കൂട്ടായ്മ.
1981-82 വര്‍ഷത്തില്‍ വയക്കര ഗവ.ഹൈസ്‌ക്കൂളില്‍ പഠിച്ച എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് സൗഹൃദം-82 എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിഡ്‌നിരോഗിയായ സഹപാഠി പോത്തേര സുരേന്ദ്രന് 10 ലക്ഷം രൂപ ചെലവില്‍ വീട് നല്‍കുന്നത്.
ഹോട്ടല്‍ ജോലിക്കാരനായ സുരേന്ദ്രന്‍ ദീര്‍ഘനാളായി ജോലിയൊന്നും ചെയ്യാനാവാതെ വിശ്രമത്തിലാണ്.
പാടിയോട്ടുചാല്‍ സ്വദേശിയായ സുരേന്ദ്രന്‍ കടന്നപ്പള്ളി കോട്ടത്തുംചാലിലെ ഭാര്യയുടെ വീട്ടില്‍ അമ്മയുടെ പേരിലുള്ള വീട്ടിലായിരുന്നു താമസം.
2022 ലെ മഴക്കാലത്ത് ഈ വീട് തകര്‍ന്നതോടെ ഭാര്യയുടെ അനുജത്തിയുടെ വീട്ടിലേക്ക് താമസം മാറ്റേണ്ടിവന്നു.
ഭാര്യ രമ പരിയാരം ഗവ.ആയുര്‍വേദകോളേജ് കാന്റീനില്‍ ദിവസക്കൂലിക്ക് ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
സൗഹൃദം-82 ലെ അംഗങ്ങള്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് സുരേന്ദ്രന്റെ അവസ്ഥ ബോധ്യമായത്.
ഇതോടെ വീട് നിര്‍മ്മാണം കൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു.
യോഗ മാസ്റ്ററായ കെ.എം.കൃഷ്ണന്‍കുട്ടി ഓണ്‍ലൈന്‍ ക്ലാസ് വഴി സമാഹരിച്ച 50,000 രൂപ വീട് നിര്‍മ്മാണത്തിന് നല്‍കി.
ഡോ.പി.എം.ജോസഫാണ് മുഴുവന്‍ സമയവും സ്ഥലത്ത് നിന്ന് വീട് പണി നിയന്ത്രിച്ചത്.
380 അംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 260 പേരുടെ കൂട്ടായ്മയാണ് 2023 മാര്‍ച്ച് 3 ന് സുരേന്ദ്രന് ഭാര്യയുടെ അമ്മ ദാനമായി നല്‍കിയ സ്ഥലത്ത് വീട് നിര്‍മ്മാണം തുടങ്ങിയത്.
സഹപാഠികള്‍ 100 ദിവസം വീടിന് വേണ്ടി തങ്ങളുടെ മനുഷ്യാധ്വാനവും പ്രയോജനപ്പെടുത്തി.
10 ലക്ഷം രൂപയാണ് കൂട്ടായ്മ വീട് നിര്‍മ്മാണത്തിനായി ചെലവഴിച്ചത്.
സൗഹൃദവീട് എന്ന് പേരിട്ട വീടിന്റെ താക്കോല്‍ദാനകര്‍മ്മം ഒക്ടോബര്‍-29 ന് രാവിലെ 10 ന് എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
സൗഹൃദം-82 ചെയര്‍മാന്‍ കെ.വി.പ്രേമരാജന്‍ അധ്യക്ഷത വഹിക്കും.
ജോസ് തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
താക്കോല്‍ കൈമാറ്റത്തിന് ശേഷം സൗഹൃദം-82 സുഹൃത് സംഗമവും ഇവിടെ ചേരും.
വാര്‍ത്താസമ്മേളനത്തില്‍ സണ്ണി ആശാരിപ്പറമ്പില്‍, കെ.വി.പ്രേമരാജന്‍, പി.കെ.രഘുനാഥ്, ജോസ് തോമസ്, വാച്ചാല്‍ ഉണ്ണികൃഷ്ണന്‍, ഡോ.പി.എം.ജോസഫ്, സി.പത്മനാഭന്‍, കെ.എം.കൃഷ്ണന്‍കുട്ടി, കെ.ബാലന്‍ എന്നിവര്‍ പങ്കെടുത്തു.