ഡെയിഞ്ചര്‍ ഡിവൈഡേഴ്‌സ് കണ്ണൂര്‍ യാത്രികരെ ഭയപ്പെടുത്തുന്നു-

കണ്ണൂര്‍: പുതിയതെരു മുതല്‍ കാല്‍ടെക്‌സ് വരെയുള്ള ദേശീയപാതയിലെ ഡെയിഞ്ചര്‍ ഡിവൈഡറുകള്‍ യാത്രക്കാര്‍ക്ക് വന്‍ഭീഷണിയാവുന്നു.

ഇതുവഴി രാത്രികാലങ്ങളില്‍ യാത്രചെയ്യുന്നവരുടെ ശ്രദ്ധ ഒരു നിമിഷം പാളിയാല്‍ പണി തൊട്ടടുത്ത് നിന്നു തന്നെ ഡിവൈഡറിന്റെ രൂപത്തിലെത്തും. ഡിവൈഡര്‍ സ്ഥാപിച്ചതുമുതല്‍ ഈ ഭാഗത്ത് നടന്ന അപകടങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

കഴിഞ്ഞദിവസം പരിയാരത്തുനിന്നും തൃശൂരിലേക്ക് പോകുന്ന ശ്രീഹരിയും കുടുംബവും സഞ്ചരിച്ച കാര് അപകടത്തില്‍ പെട്ടതാണ് വാര്‍ത്തയോടൊപ്പം നല്‍കിയ ചിത്രം.

ഡിവൈഡര്‍ സ്ഥാപിക്കുമ്പോള്‍ അത് ഗുണകരമാവുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ ഇപ്പോള്‍ ഇതിനെ ശപിക്കുകയാണ്.

റോഡില്‍ ഡിവൈഡര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കാനുള്ള യാതൊരുവിധ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല.

എ.കെ.ജി.ആശുപത്രി കഴിഞ്ഞാല്‍ ജി-മാള്‍ വരെയുള്ള ഭാഗത്ത് റോഡില് കുറച്ച് ദൂരം ഡിവൈഡറുകളില്ല, ഇതോടെ ഡിവൈഡര്‍ തീര്‍ന്നു എന്നുകരുതുന്ന മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.

സാധാരണഗതിയില്‍ റിഫഌക്ടറുകള്‍ പതിക്കേണ്ടതാണെങ്കിലും ഒരിടത്തുപോലും അത് ഘടിപ്പിച്ചിട്ടില്ല.

വെളുപ്പും കറുപ്പും പെയിന്റടിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഡിവൈഡര്‍ കാണാനുള്ള സംവിധാനവുമില്ല. നടുറോഡില്‍ സിമന്റ് കട്ടകള്‍ അടുക്കിവെച്ച നിലയിലാണ് ഇവിടെ ഡിവൈഡറുകള്‍ കാണുന്നത്.

പകല്‍പോലും വാഹനങ്ങള്‍ അപകടത്തില്‍പെട്ട് ഡിവൈഡറുകളില്‍ ഇടിച്ച് മറിയുകയും ഡിവൈഡറുകളില്‍ കയറി വാഹനങ്ങള്‍ അപകടത്തില്‍ പെടുകയും ചെയ്യുന്നുണ്ട്.

നിരവധി മരണങ്ങളും ഈ ഡിവൈഡറുകളില്‍ നടന്നുകഴിഞ്ഞു. എന്നിട്ടും ഉത്തരവാദപ്പെട്ടവര്‍ക്ക് യാതൊരുവിധ കുലക്കവുമില്ല.

ഇവരുടെ ബന്ധുക്കളാരെങ്കിലും അപകടത്തില്‍ പെട്ടാല്‍ മാത്രമേ ഈ ഡെയിഞ്ചര്‍ ഡിവൈഡറുകളില്‍ സുരക്ഷയൊരുക്കുകയുള്ളൂ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.