കായകല്‍പ്പം കിട്ടാതെ അപകടാവസ്ഥയില്‍ ഗവ.ആശുപത്രിയിലെ ഷെഡ്ഡ്.

തളിപ്പറമ്പ്: കായകല്‍പ്പം അവാര്‍ഡ് കിട്ടാനായി ലോട്ടറി കച്ചവടക്കാരെ ഓടിച്ചുവിട്ട തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് കായകല്‍പ്പമില്ലാതെ പൊളിഞ്ഞുവീഴാന്‍ പോകുന്ന ഈ ഷെഡ് കണ്ടില്ലേ-

-ആശുപത്രി കാന്റീനിന് സമീപത്തായാണ് ഈ പുരാവസ്തു.

നേരത്തെ ആംബുലന്‍സ് ഷെഡിനായി പണിത കെട്ടിടമാണ് പൊളിഞ്ഞുവീഴാന്‍ അവസരം കാത്ത് നില്‍ക്കുന്നത്.

കെട്ടിടം ഏതു സമയത്തും നിലംപതിക്കാന്‍ പോകുന്ന രീതിയിലാണ്.

ഹോസ്പിറ്റലിന്റെ കണ്ണായ സ്ഥലത്ത് നോക്കുകുത്തിയായി നില്‍ക്കുന്ന ഈ ഷെഡിലെ ടിന്‍ ഷീറ്റ്, ആസ്ബസ്‌റ്റോസ് ഷീറ്റ് എന്നിവ ചെറുകാറ്റില്‍ പോലും സമീപത്തെ റോഡിലേക്ക് പറന്ന് വീഴുന്നത് പതിവായിരിക്കുകയാണ്.

നിരവധി വാഹനങ്ങളും, രോഗികള്‍ കാന്റീനിലേക്കും പോകുന്ന ഈ വഴിയില്‍ അപകട സാധ്യത ഏറെയാണ്.

താലൂക്ക് ഹോസ്പിറ്റല്‍ മതിലിനകത്തെ ഈ അപകട കെണി എത്രയും പെട്ടെന്ന് പൊളിച്ചു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.