വയോധികയുടെ പെന്‍ഷന്‍തുക കാര്‍ഷിക വായ്പയില്‍ വകയിരുത്തി , കേരളാ ഗ്രാമീണ്‍ബാങ്ക് മാനേജര്‍ക്കെതിരെ കേസ്.

കൊട്ടിയൂര്‍:വയോധികയുടെ പെന്‍ഷന്‍തുക അനുവാദമില്ലാതെ കുടിശ്ശികയായ കാര്‍ഷികലോണില്‍ വകയിരുത്തിയ സംഭവത്തില്‍ ബാങ്ക് മാനേജരുടെ പേരില്‍ പോലീസ് കേസെടുത്തു.

കേരളാ ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖാ മാനേജര്‍ സുധലതക്കെതിരെയാണ് കോടതിയുടെ നിര്‍ദേശപ്രകാരം കേളകം പോലീസ് കേസെടുത്തത്.

ഓഗസ്റ്റ് 11-ന് കേളകം സ്വദേശിനി മുളക്കക്കുടി രത്‌നമ്മയ്ക്ക് വാര്‍ധക്യപെന്‍ഷന്‍ ലഭിച്ച ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുകയില്‍നിന്ന് കാര്‍ഷികലോണിന്റെ കുടിശ്ശികയായി

അടയ്ക്കാനുള്ള 17,000 രൂപ അവരുടെ സമ്മതമോ അറിവോ ഇല്ലാതെ മാനേജര്‍ ബാങ്ക് ലോണില്‍ വരവുവെച്ചെന്നാണ് പരാതി.

സംഭവത്തില്‍ രത്‌നമ്മ കേളകം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടാകാത്തതിനാല്‍ കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി.

ഹരജി പരിഗണിച്ച കോടതി കേളകം പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ലോണ്‍ രേഖകളും നിയമങ്ങളും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് കേളകം പോലീസ് പറഞ്ഞു.