ഇനിയൊരു പ്രശ്‌നമേയല്ല– പ്രതിരോധ ജൈവ മരുന്നുമായി കെ.കെ.ജലീല്‍.

തളിപ്പറമ്പ്: ഓട്ടുറുമശല്യത്തെ പ്രതിരോധിക്കാന്‍ ജൈവകീടനാശിനിയുമായി കര്‍ഷക ശാസ്ത്രജ്ഞന്‍ കെ.കെ.ജലീല്‍.

ഓട്ടുറുമകള്‍ക്ക് നേരെ പ്രയോഗിച്ചാല്‍  മൂന്ന് മുതല്‍ 10 സെക്കന്റുകള്‍ക്കുള്ളില്‍ ഇവയെ പൂര്‍ണമായി നശിപ്പിക്കുന്ന ഈ ജൈവകീടനാശിനി മനുഷ്യര്‍ക്കോ മറ്റ് ജീവജാലങ്ങള്‍ക്കോ ഒരു വിധത്തിലും ദോഷകരമാവില്ലെന്ന് കെ.കെ.ജലീല്‍ പറഞ്ഞു.

ഓട്ടുറുമശല്യം കാരണം മലയോര മേഖലകളിലും ഇപ്പോള്‍ നഗരങ്ങളില്‍ പോലും ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

മാരകമായ വിഷം തളിച്ചാണ് ഓട്ടുറുമകളെ നശിപ്പിക്കുന്നത്.

ഇത് മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും അപകടകരമാവുന്ന സ്ഥിതിയാണ്. മരുന്നടിച്ചാല്‍ കുറച്ചുദിവസത്തേക്ക് വീട്ടിനകത്ത് താമസിക്കാന്‍ പോലും സാധിക്കാറില്ല.

2008 ല്‍ കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം ഇന്ത്യയില്‍ ആദ്യമായി നടത്തിയ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ അഞ്ച് വ്യത്യസ്ത കണ്ടുപിടുത്തങ്ങള്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരം നേടിയ പന്നിയൂര്‍ സ്വദേശിയായ കെ.കെ.ജലീല്‍ ഓട്ടുറുമകളെ പ്രതിരോധിക്കാന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ രണ്ടാംതലമുറ കീടനാശിനി.

മഞ്ഞളാണ് ഈ കീടനാശിനിയുടെ മുഖ്യഘടകമെന്ന് ജലീല്‍ പറഞ്ഞു. തന്റെ കണ്ടുപിടുത്തത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി കീടനാശിനിയും സാങ്കേതിക വിവരങ്ങളും ഇദ്ദേഹം കൃഷി വിജ്ഞാനകേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ ജലീലും കുടുംബവും വര്‍ഷങ്ങളായി പന്നിയൂരിലാണ് താമസം. കാര്‍ഷികമേഖലയില്‍ അന്‍പതിലേറെ വ്യത്യസ്ത കണ്ടുപിടുത്തങ്ങളാണ് കഴിഞ്ഞ 16 വര്‍ഷങ്ങള്‍ക്കിടയില്‍ ജലീല്‍ നടത്തിയിരിക്കുന്നത്. PHONE-9562647014.