ഔഷധി- തകര്‍ന്നുവീണ വിജ്ഞാനവ്യാപന കേന്ദ്രം പുനര്‍നിര്‍മ്മാണം തുടങ്ങി-

പരിയാരം: തകര്‍ന്നുവീണ പരിയാരം ഔഷധി വിജ്ഞാനവ്യാപന കേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു.

നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇവിടെ പാരമ്പര്യരീതിയിലുള്ള തുളസിത്തറ ഉള്‍പ്പെടെ 200 ഇനത്തില്‍പ്പെട്ട ഔഷധ സസ്യങ്ങളാണ് ഉണ്ടായിരുന്നത്.

തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളേക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ പരിയാരം ഔഷധി മേഖലാ

കേന്ദ്രത്തില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഔഷധി ഔഷധസസ്യ വിജ്ഞാന വ്യാപനകേന്ദ്രം 2020 ജൂണിലാണ് നിലംപൊത്തിയത്.

മേല്‍ക്കൂര ഒന്നടങ്കം താഴേക്ക് വീണതോടെ ഇവിടെ സജ്ജീകരിച്ച ഔഷധസസ്യങ്ങള്‍ എല്ലാം നശിച്ചു.

2017 ജൂണ്‍ 24 നാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ് ഇത് ഉദ്ഘാടനം ചെയ്തത്.

വിജ്ഞാനവ്യാപന കേന്ദ്രത്തിലെത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും പാരമ്പര്യ വൈദ്യന്‍മാര്‍ക്കും ഔഷധങ്ങളേക്കുറിച്ച് അറിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും വേണ്ടിയാണ് ഈ കേന്ദ്രം

ആരംഭിക്കുന്നതെന്നാണ് ഔഷധി അധികൃതര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞിരുന്നത്.

ആയുര്‍വേദ പഠനത്തിലൂന്നിയുളള ടൂറിസ്റ്റ് കേന്ദ്രമാക്കി പരിയാരത്തെ ഔഷധി കേന്ദ്രത്തെ മാറ്റാനുള്ള തുടക്കമാണിതെന്ന് മന്ത്രിയും ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഉദ്ഘാടനം ചെയ്തുവെന്നതല്ലാതെ ഇത് തുറന്നുകൊടുത്തിരുന്നില്ല. ഒരു കെയര്‍ടേക്കറെ നിയമിച്ചശേഷമേ വിജ്ഞാന വ്യാപനകേന്ദ്രം തുറന്നുകൊടുക്കുകയുള്ളൂവെന്ന് ഔഷധി

അധികൃതര്‍ പറഞ്ഞുവെങ്കിലും നാല് വര്‍ഷമായിട്ടും കെയര്‍ടേക്കറെ നിയമിച്ചില്ല. അതിനിടയിലാണ് കഴിഞ്ഞവര്‍ഷം ഇത് തകര്‍ന്നുവീണത്.

പൊതുവെ ആളുകളുടെ ശ്രദ്ധയില്‍ പെടാത്ത ഈ സ്ഥലം ആളുകള്‍ കാണുന്നത് ഒഴിവാക്കാന്‍ അങ്ങോട്ടുള്ള വഴി ഔഷധി അധികൃതര്‍ അടക്കുകയും ചെയ്തു.

ആരെങ്കിലും വിജ്ഞാനവ്യാപനം കേന്ദ്രം സന്ദര്‍ശിക്കാനെത്തിയാല്‍ തന്നെ റിപ്പേറാണെന്ന് പറഞ്ഞ് തിരിച്ചയക്കാറാണ് പതിവ്. ഗുണനിലവാരം കുറഞ്ഞ സാധനസാമഗ്രികള്‍ കൊണ്ട്

നിര്‍മ്മിച്ചതിനാലാണ് വിജ്ഞാന വ്യാപനകേന്ദ്രം തകര്‍ന്നുവീണതെന്നും, ലക്ഷങ്ങളുടെ അഴിമതിയാണ് ഇതിന്റെ പേരില്‍ നടന്നതെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

അതിനിടയിലാണ് കഴിഞ്ഞ ദിവസം പുനര്‍നിര്‍മ്മാണം ആരംഭിച്ചത്. മേല്‍പ്പുര ഉയരത്തിലായതിനാലാണ് കാറ്റില്‍ തകര്‍ന്നുവീണതെന്നും ഉയരം കുറഞ്ഞ മേല്‍പ്പുര നിര്‍മ്മിക്കാനാണ് പുതിയ പദ്ധതിയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.