പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം-
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീമദ് ഭാഗവത സ്പതാഹയജ്ഞം മെയ് 15 മുതല്‍ 22 വരെ നടക്കും.
ഹൈന്ദവഗ്രന്ഥങ്ങളില്‍ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങള്‍ കൊണ്ട് പാരായണം ചെയ്ത് തീര്‍ത്തു സമര്‍പ്പിക്കുന്ന യജ്ഞമാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം.
പൗരാണിക കാലങ്ങളില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വര്‍ഷം തോറും ഭാഗവതസപ്താഹം നടത്തപ്പെടാറുണ്ട്.
ഭാഗവതസപ്താഹത്തിന്റെ ഉത്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പരീക്ഷിത്ത് രാജാവിന്റെ കഥയാണ്.
തക്ഷകസര്‍പ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളില്‍ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാര്‍ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു.
ഭാഗവതം മുഴുവന്‍ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യര്‍ത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടര്‍ന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തില്‍ പ്രസ്താവിക്കുന്നു.
വര്‍ത്തമാന കാലത്തിന്റെ എല്ലാ ശാപങ്ങളുടെയും പരിഹാരത്തിന് വേണ്ടിയാണ് ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടത്തുന്നത്. ദു:ഖ ദുരിതങ്ങളുടെയും നഷ്ടകഷ്ടതകളുടെയും സമ്മിശ്രമായ ഒരു ഇരുണ്ട യുഗമാണ് കലികാലം.
കലികാലത്തില്‍ ജീവിക്കുന്നവര്‍ക്ക് കാലസ്വരൂപമായ സര്‍പ്പത്തിന്റെ മുഖാന്തര്‍ഭാഗത്ത് പ്രവേശിക്കാതെ തരമില്ല . ഇവിടെയാണ് മനുഷ്യന്‍ വിധിയുടെ ക്രൂരപരിണാമത്തിന് വിധേയനാകുന്നത്.
ഈ ദു:ഖസന്ധിയില്‍ മനുഷ്യര്‍ക്ക് ശ്രീമദ് ഭാഗവതമാണ് ഏകാശ്രയം. സമസ്ത ദുഖങ്ങളെയും നശിപ്പിച്ച് മനസ്സിനെയും ശരീരത്തെയും പരിശുദ്ധമാക്കുവാന്‍ ഭാഗവതപാരായണ ശ്രവണം സഹായകരമാവുന്നു.
ശ്രീമദ് ഭാഗവതം പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ഈ ജന്മത്തില്‍ തന്നെ കര്‍മ്മബന്ധനങ്ങളശേഷമറ്റ് മോക്ഷ പ്രാപ്തിയുണ്ടാകും.
15ന് വൈകുന്നേരം 5.30 ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഭാഗവത ശ്രേഷ്ഠന്‍ ആചാര്യന്‍ സതീശന്‍ തില്ലങ്കേരിയെ സ്വീകരിച്ച് പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ച് ദേവസ്വം ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ നായര്‍ ആചാര്യവരണം നടത്തുന്നു.
എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ യജമാന സ്ഥാനം സ്വീകരിക്കുന്നു.
ശ്രീമദ് ഭാഗവത മാഹാത്മ്യം ആചാര്യന്‍ ഭാഗവത ശ്രേഷ്ഠന്‍ സതീശന്‍ തില്ലങ്കേരി ഭക്ത ജനങ്ങള്‍ക്ക് വിശദീകരിക്കും.
16 ന് രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമജപത്തോടെ ശ്രീമത് ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കുന്നു. 22.5.22 യജ്ഞ സമാപ്തി.
എല്ലാ ദിവസവും ഒരു മണി മുതല്‍ 3 മണി വരെ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ഈ മഹാപുണ്യ യജ്ഞം ശ്രവിക്കാനും മോക്ഷ പ്രാപ്തിക്കായുള്ള വാതിലുകള്‍ തുറക്കാനും എല്ലാ ഭക്തജനങ്ങളേയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍
കെ.സി.മണികണ്ഠന്‍ നായര്‍, മെമ്പര്‍മാരായ ഇ.പി.ശാരദ, കെ.വി.അജയകുമാര്‍, കെ.രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു.