യു.ഡി.എഫ് അംഗം എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നതായി പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ.
പരിയാരം: തലോറ അംഗന്‍വാടി സംബന്ധിച്ച് യു.ഡി.എഫ് നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ പത്രക്കുറിപ്പില്‍ അറിയിച്ചു.
തലോറ അംഗന്‍വാടി വര്‍ഷങ്ങളായി മഹിളാസമാജത്തിന്റെ സ്ഥലത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം പഞ്ചായത്തിലേക്ക് വിട്ടുകിട്ടുന്നതിനായി ഭരണസമിതിയുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി നവരംഗ് മഹിളാസമാജം പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടെറിയുടെ പേരില്‍ രേഖ ചെയ്യുകയും ചെയ്തു.
ഇത് മനസിലാക്കിയ പഞ്ചായത്തംഗം എട്ടുകാലി മമ്മുഞ്ഞ് ചമഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനായി സ്വകാര്യമായി പഞ്ചായത്ത് പ്രസിഡന്റോ ഭരണസമിതിയോ അറിയാതെ മഹിളാസമാജം പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് ഏറ്റുവാങ്ങല്‍ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.
മഹിളാസമാജം സംഭാവന ചെയ്ത സ്ഥലത്തിന്റെ രേഖ ഏറ്റുവാങ്ങലും അവര്‍ക്കുള്ള അനുമോദന ചടങ്ങ് വിപുലമായി സംഘടിപ്പിക്കാനുമിരിക്കെയാണ് പഞ്ചായത്തംഗം സ്വകാര്യ ചടങ്ങ് സംഘടിപ്പിച്ചത്.
പ്രസിഡന്റോ സെക്രട്ടെറിയോ അറിയാതെ ചടങ്ങ് സംഘടിപ്പിച്ചതിന്റെ ജാള്യത മറക്കാനാണ് പ്രസിഡന്റ് രേഖ വാങ്ങാന്‍ തയ്യാറായില്ലെന്ന പ്രചാരണം യു.ഡി.എഫ് കേന്ദ്രങ്ങള്‍ സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ നേട്ടങ്ങളെ എല്ലായ്‌പ്പോഴും ഇകഴ്ത്തിക്കാണിക്കുന്നതിന് വേണ്ടി നടത്തുന്ന യു.ഡി.എഫിന്റെ രാഷ്ട്രീയ മുതലെടുപ്പ് നാടകത്തിന്റെ ഭാഗമാണ് ദുഷ്പ്രചാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.