പരിയാരത്ത് ട്രാക്ക് മാര്‍ക്കിങ്ങ് പൂര്‍ത്തിയാക്കി വലേറി മടങ്ങി.
പരിയാരം: പരിയാരം സിന്തറ്റിക്ക് ട്രാക്കിന്റെ മാര്‍ക്കിങ്ങ് പൂര്‍ത്തിയാക്കി വലേറി തിരിച്ചുപോയി.
92 ലെ ബാഴ്‌സലോണ ഒളിമ്പിക്‌സിലും 96 അറ്റ്‌ലാന്റാ ഒളിമ്പിക്‌സിലും എസ്‌തോണിയ എന്ന രാജ്യത്തെ പ്രതിനിധീകരിച്ച് പുരുഷവിഭാഗം പോള്‍ വാള്‍ട്ടില്‍ മത്സരിച്ച വലേരി ബുക്കറേയ് ആണ് ഗവ. മെഡിക്കല്‍ കോളജ് പരിയാരത്ത് ഖേലോ ഇന്ത്യാ സിന്തറ്റിക് ട്രാക്കിന്റെ ലൈന്‍ മാര്‍ക്കിങ്ങിനായ് എത്തിയത്.
പരിയാരത്ത് സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തിട്ടുള്ള ന്യൂഡല്‍ഹി സിന്‍ കോട്ട്‌സ് ഇന്റര്‍നാഷണല്‍ കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്കു വന്നതെന്നും ഇന്ത്യയില്‍ ഇതു പോലുള്ള 90 സിന്തറ്റിക് ട്രാക്കുകള്‍ നിര്‍മ്മാണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ വലിയ അത്ഭുതമാണെന്നും വലേറി കൂട്ടിച്ചേര്‍ത്തു.
പരിയാരത്ത് എത്തി പ്രവൃത്തി ആരംഭിച്ച വലേരി മാര്‍ക്കിങ്ങ് പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ച മടങ്ങി.
യു.എസ്.എ ആസ്ഥാനമായി പ്രവൃത്തിക്കുന്ന വലേരി തന്നെ പ്രസിഡന്റായ കാന്‍സ്റ്ററ്റ് കമ്പനിയാണ് മാര്‍ക്കിങ്ങിന്റെ ചുമതല ഏറ്റെടുത്തത്.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഗുഡ് വില്‍ ഗെയിംസിലും പോള്‍ വാള്‍ട്ടില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വലേരി 93 ല്‍ സ്റ്റുഗര്‍ട്ടില്‍ വച്ച് നടന്ന ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ ഏഴാമതായിരുന്നു.
വലേറിയുടെ പേഴ്‌സണല്‍ ബെസ്റ്റ് ജംപായ 5.85 മീറ്റര്‍ ഉയരമാണ് ഇപ്പോഴും എസ്‌തോണിയ രാജ്യത്തിന്റെ നാഷണല്‍ റിക്കാര്‍ഡ്.
കേന്ദ്ര സര്‍ക്കാറിന്റെ ഖേലോ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ലഭിച്ച 7 കോടി രൂപ ചെലവിലാണ് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും സ്‌പോര്‍ട്‌സ് പവലിയനും ഒരുക്കിയിട്ടുള്ളത്.
മുന്‍ എം.എല്‍.എ. ടി.വി.രാജേഷിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 60 ലക്ഷം ഉപയോഗിച്ചാണ് ന്വാച്വറല്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മ്മിച്ചത്.
വലേറി ബുക്കറേവിനെ ടി.വി.രാജേഷ് സ്റ്റേഡിയത്തിലെത്തി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.