മോഷണം: അന്വേഷണം ചുടല, കോരന്‍പീടിക, ചിതപ്പിലെപൊയില്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്-
പരിയാരം: ഡോ.ഷക്കീര്‍ അലിയുടെ വീട്ടില്‍ നടന്ന മോഷണക്കേസിന്റെ അന്വേഷണം നടക്കുന്നത് കോരന്‍പീടിക, ചിതപ്പിലെപൊയില്‍, ചുടല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്.
മോഷ്ടാക്കള്‍ ഈ പ്രദേശത്തുള്ളവരാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മോഷണവിവരമറിഞ്ഞ് ഇന്നലെ ഡോക്ടറുടെ വീട്ടുപരിസരത്ത്
എത്തിയവരില്‍ ചിലരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
സപ്തംബര്‍ 29 ന് മാടാളന് അബ്ദുള്ളയുടെ പളുങ്ക് ബസാറിലെ വീട്ടില്‍ നടന്ന മോഷണവും ഡോ.ഷക്കീര്‍ അലിയുടെ വീട്ടില്‍ നടന്ന മോഷണവും ഒരു സംഘം തന്നെ നടത്തിയതാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്.
ഡോ.ഫര്സീനക്ക് ഇന്ന് എറണാകുളത്ത് ഒരു ശസ്ത്രക്രിയ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിന് വേണ്ടി വ്യാഴാഴ്ച്ച രാത്രി 11 മണിക്കാണ് ഇവര്‍ കാറില്‍ പോയത്.
അര മണിക്കൂറിനകം മോഷ്ടാക്കള്‍ വീട്ടിലെത്തി കവര്‍ച്ച നടത്തുകയും ചെയ്തു.
ഇതില്‍ നിന്നും ഡോക്ടറുടെ എല്ലാ വിവരങ്ങളും അറിയുന്ന ഒരാള്‍ കവര്‍ച്ചാ സംഘത്തില്‍ ഉണ്ടാകുമെന്നു തന്നെയാണ് പോലീസിന്റെ അനുമാനം.
ഇന്ന് പുലര്‍ച്ചവരെ പോലീസ് സംഘം മോഷണം നടന്ന പ്രദേശത്ത് പട്രോളിങ്ങ് നടത്തിയിരുന്നു.
ഇരുപതിലേറെ സി.സി.ടി.വി കാമറകള്‍ ഇതിനകം പരിശോധിച്ചിട്ടണ്ടെങ്കിലും സംശയിക്കത്തക്കവിരലടയാളങ്ങളോ ദൃശ്യങ്ങളോ പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് വിവരം.