ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെയുള്ള പോലീസ് സമീപനം ആപത്ക്കരം – പി.സി.നസീര്‍

കണ്ണൂര്‍: കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജിവെക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ജനാധിപത്യ

രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവരെ അന്യായമായി കേസെടുത്ത് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടെറി പി.സി.നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന സമരങ്ങളില്‍ പോലീസ് സ്വീകരിച്ച സമീപനം ധിക്കാരവും ദാര്‍ഷ്ട്യവും നിറഞ്ഞതാണ്.

സാധാരണ രീതിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് നേരെ കേസെടുക്കാറില്ല.

ഇവിടെ സി പി എമ്മിന്റെ തിട്ടൂര പ്രകാരമാണ് കേസെടുക്കുന്നത്. ആരാണ് മുകളില്‍ നിന്ന് നിര്‍ദ്ദേശം കൊടുക്കുന്നത്, എ.കെ.ജി സെന്ററില്‍ നിന്നാണെങ്കില്‍ പോലീസ് കാക്കി ഊരി എ.കെ.ജി സെന്ററിന് കാവലിരിക്കുന്നതാണ് നല്ലത്.

പൗരന്മാര്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്‍കേണ്ട നിയമപാലകര്‍ കാണിക്കുന്ന നെറികേടിനെ കയ്യും കെട്ടി നോക്കി നില്‍ക്കില്ല.

വരും ദിനങ്ങളില്‍ ശക്തമായ പ്രതിഷേധം തീര്‍ക്കാന്‍ തന്നെയാണ് യൂത്ത് ലീഗ് തീരുമാനം.

പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനാണ് തീരുമാനമെങ്കില്‍ തെരുവില്‍ തന്നെ പ്രവര്‍ത്തകരുണ്ടാവുമെന്നും,പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്തുമെന്നും പി.സി.നസീര്‍ പറഞ്ഞു.