കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം: കോട്ടയം നഗരത്തില്‍ കോഴിച്ചന്തക്ക് സമീപം മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിലെ ജീവനക്കര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുട്ടമ്പലം ചന്തക്കടവ് ഭാഗത്തെ പാറശ്ശേരി വീട്ടില്‍ ജിനോ ജോസഫ് (21), തട്ടുങ്കല്‍ചിറ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന സച്ചു സാജു(19), തട്ടുങ്കല്‍ചിറ വീട്ടില്‍ രാഹുല്‍ ഷൈജു(21) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സംഘം ചേര്‍ന്ന് ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി 8 മണിയോടെ കോഴിചന്ത ഭാഗത്തുള്ള മൊബൈല്‍ കടയില്‍ എത്തി ജീവനക്കാരുടെ നേരെ കുരുമുളക് സ്‌പ്രേ അടിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇവര്‍ മൊബൈല്‍ കടയില്‍ എത്തി ജീവനക്കാരെ അസഭ്യം പറഞ്ഞത് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു.

ഇതിലുള്ള വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്ന് ജീവനക്കാരെ ആക്രമിച്ചത്.

ആക്രമണത്തിന് ശേഷം ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.ആര്‍.പ്രശാന്ത് കുമാര്‍ , എസ്.ഐ ടി.ശ്രീജിത്ത്എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂവരേയും റിമാന്‍ഡ് ചെയ്തു.