ചരിത്രം സൃഷ്ടിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ-ഏഴ് വര്‍ഷം 60 കച്ചേരി-പങ്കെടുത്തത് മഹാപ്രതിഭകള്‍.

തളിപ്പറമ്പ്: കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ഭാരതമെങ്ങുമുള്ള പ്രശസ്ത സംഗീതപ്രതിഭകളുടെ വിസ്മയകരമായ 60 സംഗീതസദസ്സുകള്‍ക്ക് ‘പെരിഞ്ചല്ലൂര്‍ സംഗീതസഭ” ഇതിനകം രംഗവേദിയായി.

ഉത്തര മലബാറിന്റെ അഭിമാനമായി പെരുഞ്ചെല്ലൂര്‍ സംഗീത സഭ. പുരാതന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവത്തിന്റെ നാടും 64 കലകള്‍ക്കും വേരോട്ടമുണ്ടായിരുന്ന നാടുമായിരുന്നു പെരുഞ്ചെല്ലൂര്‍.

പെരുഞ്ചെല്ലൂര്‍ പിന്നീട് മാറി കേവല ചരിത്രം മാത്രമായി. ചരിത്രനഗരമായ തളിപ്പറമ്പില്‍ ശുദ്ധസംഗീതത്തിന്റെ ആസ്വാദനത്തിനും പ്രോത്സാഹനത്തിനും പുറമെ കാലദേശാന്തരങ്ങള്‍ക്കതീതമായി ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വ്യത്യാസമില്ലാതെ ജനങ്ങളെ ഒരുമിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച മഹത് സ്ഥാപനമാണ് പെരുഞ്ചെല്ലൂര്‍ സംഗീത സഭ.

വ്യാവസായിക തലങ്ങളിലും ,സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും ആദ്ധ്യാത്മിക രംഗത്തും വരെ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച തളിപ്പറമ്പിന്റെ ശില്‍പ്പി” എന്ന പേരിലറിയപ്പെടുന്ന കമ്പനിസ്വാമി അഥവാ പി .നീലകണ്ഠ അയ്യരുടെ പാവനസ്മരണക്കായാണ് തളിപ്പറമ്പില്‍ പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപിതമായത് .

ആദ്യത്തെ ഓട്കമ്പനി, ആദ്യത്തെ നെയ്ത്തുശാല, ആദ്യത്തെ ബസ് സര്‍വീസ് , ആദ്യമായി മലബാറില്‍ നിന്നും ശബരിമലയ്ക്കു പോയ വ്യക്തി , ആദ്യത്തെ ബാങ്കിങ്ങ് സ്ഥാപനം, ആദ്യത്തെ തീപ്പെട്ടി കമ്പനി, ആദ്യത്തെ ടെലിഫോണ്‍, ആദ്യത്തെ ഓട്ടോ, ആദ്യത്തെ എണ്ണ മില്‍, ആദ്യമായി വെളിച്ചം കൊണ്ടുവന്ന വ്യക്തി അങ്ങനെ തളിപ്പറമ്പില്‍ ഇന്ന് കാണുന്ന ഒട്ടുമിക്ക വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കകാരനായിരുന്ന, ജനങ്ങള്‍ ആദരവോടെ ഇന്നും അന്നദാനപ്രഭുവെന്നും പാവങ്ങളുടെ ആശ്രിതന്‍, എന്നും വിശേഷിപ്പിക്കുന്നു സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയായ കമ്പനി സ്വാമിയെ.

അദ്ദേഹത്തിന്റെ തന്റെ സ്മാരകമന്ദിരത്തില്‍ തളിപ്പറമ്പിലെ ആദ്യത്തെ ശുദ്ധ സംഗീതോത്സവവും തുടങ്ങുവാന്‍ സാധിച്ചത് ആ മഹാനുഭാവനോടുള്ള ഒരു ആദരവ് കൂടിയാണ്. കമ്പനിസ്വാമിയുടെ ചെറുമകനും, പരിസ്ഥിതി വന്യജീവി സംരക്ഷകനും, സാമൂഹിക പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ തുടങ്ങിയ ട്രസ്റ്റ് ആണ് പെരിഞ്ചല്ലൂര്‍ സംഗീതസഭ. നീലകണ്ഠ അയ്യര്‍ വര്‍ഷങ്ങളോളം പൂജാര്‍ച്ചന ചെയ്ത പുണ്യയിടം, കലാകാരന്‍മാര്‍ക്ക് ഇവിടെ ലഭിക്കുന്ന ആതിഥ്യമര്യാദ, അച്ചടക്കമുള്ള ശ്രോതാക്കള്‍, എല്ലാത്തിലുമുപരി മികച്ച ശബ്ദസജ്ജീകരണം ഇവയല്ലാം മറ്റ് സംഗീത സഭകളില്‍ നിന്നും പെരുംചെല്ലൂര്‍ സംഗീത സഭയെ വ്യത്യസ്ഥമാക്കുന്നു.

ഭാവ വൈവിധ്യം തുളുമ്പുന്ന ആലാപന മികവുമായി തളിപ്പറമ്പിലെ പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ സ്വരമണ്ഡപത്തില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ രാഗതാള ഭാവലയങ്ങളാല്‍ സംഗീതാസ്വാദകര്‍ക്ക് ശുദ്ധ സംഗീതത്തിന്റെ കരുത്തറിയിച്ചു കൊണ്ട് അവിസ്മരണീയമായ സംഗീത വിരുന്നിന് തളിപ്പറമ്പ് നഗരം അറുപതു പ്രഗത്ഭ കലാകാരന്മാരുടെ കച്ചേരിക്ക് സാക്ഷിയായി.

സംഗീതജ്ഞര്‍ കച്ചേരിപാടാനായി വീണ്ടും വീണ്ടും പെരുംചെല്ലൂരിലെത്തുന്നതും ഈ പുണ്യഭൂമിയുടെ പ്രത്യേകതകള്‍ ഒന്നു കൊണ്ടുമാത്രമാണ്. പെരുംചെല്ലൂര്‍ സംഗീത സഭ വഴി പെരുമയേറിയ പെരുംചെല്ലൂരിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തിരിച്ചു പിടിക്കാം എന്നും നമുക്ക് മോഹിക്കാം.  വലിയ പൈതൃകം തിരിച്ച് പിടിക്കാനുള്ള ഒരു ദേശത്തിന്റെ ശ്രമത്തില്‍ പെരുംചെല്ലൂര്‍ സംഗീത സഭയ്ക്ക് ചെറുതല്ലാത്ത പങ്ക് ഉണ്ട് എന്നത് നിസ്തര്‍ക്കമാണ്.