ബഫര്‍സോണ്‍-കേരളാ കോണ്‍ഗ്രസ് (എം) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് (സിഇസി) നല്‍കാനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സാറ്റലൈറ്റ് സര്‍വേയക്ക് പകരം വില്ലേജ് പഞ്ചായത്ത് സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വേ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയും മന്ത്രി റോഷി അഗസ്റ്റിനും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കി. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കേരളാ കോണ്‍ഗ്രസ്സ് (എം) സ്വാഗതം ചെയ്തു.

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ഭാഗമായുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി അതിലുള്‍പ്പെട്ട വില്ലേജുകളില്‍ ഗ്രൗണ്ട് സര്‍വേയും പഠനവും നടത്താന്‍ 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത് വില്ലേജ് തലത്തില്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചിരുന്നു. കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ ബഫര്‍ സോണുകളിലും സമാനമായ പഠനം നടത്തുന്നതിന് 2013ലെ അതേമാതൃകയില്‍ പഞ്ചായത്തുതല വിദഗ്ധസമിതികള്‍ രൂപീകരിക്കാനുള്ള അടിയന്തര ഉത്തരവ് ഉണ്ടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഈ സമിതികള്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ തയ്യാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം സംസ്ഥാന സര്‍ക്കാര്‍ സി.ഇ.സിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടത്. കേരളത്തിലെ ബഫര്‍ സോണിലെ നിരവധി വില്ലേജുകള്‍ ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദേശിച്ച വില്ലേജുകള്‍ തന്നെയായതിനാല്‍ സി.ഈ.സി.ക്ക് നല്‍കേണ്ട റിപ്പോര്‍ട്ട് വേഗത്തില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കും. ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്ത ശേഷം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കൂടുതല്‍ സമയം സുപ്രീം കോടതിയില്‍ നിന്നും നേടിയെടുക്കാമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ വനം വകുപ്പ് ബഫര്‍ സോണുകളായി നിശ്ചയിച്ചിരിക്കുന്ന പ്രദേശങ്ങളും അവയുടെ വ്യക്തമായ അതിരുകളും അതാത് വില്ലേജ് ഓഫീസുകളെയും പഞ്ചായത്തുകളെയും വിശദമായ മാപ്പുകളുടെയും സര്‍വ്വേ നമ്പറുകളുടെയും അടിസ്ഥാനത്തില്‍ വനംവകുപ്പ് തന്നെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്ത ശേഷമായിരിക്കണം പഞ്ചായത്തുതല വിദഗ്ധസമിതികള്‍ ഗ്രൗണ്ട് സര്‍വേയും വിവരശേഖരണവും നടത്തേണ്ടത്. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണം. കുടുംബശ്രീ പ്രവര്‍ത്തകരെ മൊബൈല്‍ ആപ്പ് നല്‍കി വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തണം.

ബഫര്‍ സോണില്‍ സുപ്രീംകോടതി വിധി ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ റവന്യൂ, കൃഷി, വനം, തദ്ദേശ സ്വയംഭരണം, സര്‍വ്വേ വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്ന ഒരു ഉന്നതാധികാര സമിതി അടിയന്തരമായി രൂപീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ വിഷയത്തിലും ഈ സമിതി തന്നെയായിരിക്കണം മേല്‍നോട്ടം വഹിക്കേണ്ടതെന്നും ആവശ്യപ്പെട്ടു.