കാമ്പസിനകത്ത് ഹോസ്റ്റല്‍ അനുവദിക്കണം-ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കി.-

പരിയാരം: കാമ്പസിനകത്ത് ഹോസ്റ്റല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവ.ഫാര്‍മസി കോളേജിലെ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് നിവേദനം നല്‍കിയത്.

കണ്ണൂര്‍ ജില്ലക്ക് പുറത്തുള്ള ഇവര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ദൂരെമാറി ഒരു സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

ഇവര്‍ വ്യത്യസ്ത ബാച്ചുകളിലായതിനാല്‍ പലപ്പോഴും വിജനമായ സ്ഥലത്തുകൂടെ ഒറ്റയ്ക്ക് വരേണ്ടിവരുന്നുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതിനാല്‍ വാടക താങ്ങാനാവാത്ത അവസ്ഥയുമുണ്ട്.

മറ്റ് സ്വകാര്യ ഹോസ്റ്റലിലേക്ക് മാറിത്താമസിക്കാന്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകാരണം സാധിക്കുന്നുമില്ല.

തങ്ങള്‍ ഇത്തരത്തില്‍ താമസിക്കേണ്ടിവരുന്നത് രക്ഷിതാക്കള്‍ക്കും ഏറെ വേവലാതി ഉണ്ടാക്കുന്നുണ്ട്.

ഈ കാരണങ്ങള്‍കൊണ്ട് ഞങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് കാമ്പസില്‍ തന്നെ ഹോസ്റ്റല്‍ അനുവദിച്ചുതരണമെന്നാണ് ഇവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫാര്‍മസി കോളേജ് പ്രിന്‍സിപ്പാള്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, മെഡിക്കല്‍ സൂപ്രണ്ട് എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.