വേട്ടയാടിക്കോ-പക്ഷെ, കീഴടങ്ങില്ല-പി.കെ.സുബൈര്‍. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആരോപണം, മാനേജറെ മാറ്റിയ നടപടി വിവാദമാകുന്നു.

തളിപ്പറമ്പ്: മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായി പി.കെ.സുബൈറിനെ തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തുനിന്ന് മാറ്റി ചുമതല തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സിപിഎമ്മിനോട് വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ലീഗ് നേതാക്കളില്‍ ഒരാളായ സുബൈറിനോടുള്ള സി.പി.എമ്മിന്റെ പകപോക്കലാണെന്ന ആരോപണം ശക്തമാകുന്നു.

വഖഫ് ബോര്‍ഡും ഹൈക്കോടതിയും നേരത്തെ തള്ളിക്കളഞ്ഞ പരാതി സ്വീകരിച്ച് തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ 18 അംഗ കെയര്‍ ടേക്കര്‍ ഭരണസമിതിയില്‍ നിന്ന് സുബൈറിനെ മാത്രം മാറ്റിയതാണ് വിവാദങ്ങള്‍ക്ക് കാരണമാവുന്നത്.

സിപിഎം പ്രവര്‍ത്തകനായ സി.അബ്ദുല്‍കരീമിന്റെ പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
പി.കെ. സുബൈര്‍ സിതീ സാഹിബ് സ്‌കൂളില്‍ കെയര്‍ ടേക്കര്‍ മാനേജര്‍ ആയിട്ടാണ് തുടരുന്നതെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് അബ്ദുല്‍കരീം പരാതി നല്‍കിയത്.

ഇതേ വാദം നിരത്തിക്കൊണ്ട് പരാതിക്കാരന്‍ കേരള വഖഫ് ബോര്‍ഡിലും മുമ്പ് സമാന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ കേരള വഖഫ് ബോര്‍ഡ് 29/06/2022 ന് കെ. ഷംസുദ്ദീനെ ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും സ്‌കൂളിന്റെ മാനേജറായും നിയോഗിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കുകയുണ്ടായി.

എന്നാല്‍ അതിനെതിരെ സുബൈര്‍ കേരള ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്തു കൊണ്ട് 22/07/2022 ന് വിധി പുറപ്പടുവിച്ചിട്ടുള്ളതാണ്.

പുതിയ കമ്മിറ്റി നിലവില്‍ വരുന്നതുവരെ തുടരാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനുവദിച്ച മാനേജറെ മാറ്റുന്നത് നിയമ വിരുദ്ധവും അന്യായവുമാണെന്നും മാനേജര്‍ക്കെതിരെ പരാതിക്കാരന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ നിലനില്ക്കുന്നതല്ലെന്നും അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് വഖഫ് ബോര്‍ഡ് സുബൈറിന്റെ വാദം കേള്‍ക്കുകയും വസ്തുതകള്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ നീക്കിയ ആദ്യ ഉത്തരവ് മരവിപ്പിച്ച് തുടരാന്‍ അനുവദിച്ച് പുതിയ ഉത്തരവ് ഇറക്കുകയുമായിരുന്നു.

 

എട്ട് ഭാരവാഹികളാണ് ട്രസ്റ്റ് കമ്മിറ്റിക്ക് ഉള്ളത്. അതില്‍ മാനേജര്‍ ആന്‍ഡ് കരസ്‌പോണ്‍മെന്റ് ആണ് ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക ചുമതല വഹിക്കുന്നത്.

മാനേജറായി നിയോഗിക്കപ്പെടുന്നയാളെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അംഗീകരിക്കേണ്ടതുണ്ട്.

പുതിയ കമ്മിറ്റി ചുമതല ഏല്‍ക്കാത്തത് കാരണവും മാനേജര്‍ക്ക് 15/01/2014 ന് തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ അംഗീകാര കാലാവധി തീര്‍ന്നതിനാലും ബൈലോ അനുസരിച്ച് അത് നീട്ടി കിട്ടാന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച്  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിലവിലുള്ള ഭരണസമിതിയെ കെയര്‍ടേക്കര്‍ ഭരണസമിതിയായി അംഗീകരിച്ചു കൊണ്ടും മാനേജറെ കെയര്‍ ടേക്കര്‍ മാനേജറായി തുടരാന്‍ അനുവദിച്ചു കൊണ്ടും 26/11/2018 ന് ഉത്തരവിറക്കുകയുണ്ടായി.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭരണസമിതിയെ മൊത്തത്തിലാണ് കെയര്‍ടേക്കര്‍ ആക്കി ഉത്തരവിറക്കിയത്; മാനേജറെ മാത്രമല്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തന്നെ പുറപ്പെടുവിച്ച ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഡിപിഐയുടെ പുതിയ തീരുമാനം വന്നിരിക്കുന്നത്.

സീതിസാഹിബ് സ്‌കൂളിന് ആധുനിക മുഖം നല്‍കിയ  പി. കെ. സുബൈര്‍

ഇന്ന് കാണുന്ന മിക്ക ഭൗതിക സൗകര്യങ്ങളും സുബൈറിന്റെ കാലയളവില്‍ പണിതുയര്‍ത്തിയതാണ്.

മൂന്നിലൊരുഭാഗം ഹൈസ്‌കൂള്‍ ബ്ലോക്കും നിര്‍മിച്ചത് അദ്ദേഹമാണ്.

സ്റ്റുഡന്‍സ് ഫ്രണ്ട്‌സ് ടോയ്‌ലറ്റുകളും കംഫര്‍ട്ട് സോണുകളും , മികച്ച പാചകപ്പുരയും , ഹൈടെക് കോണ്‍ഫറന്‍സ് ഹാളും , ആധുനിക സ്‌കൂള്‍ ഓഫീസുകളും , ഗാംഭീര്യമുളള ഗേറ്റും സുന്ദരമായ മതിലും പണിതതും അദ്ദേഹത്തിന്റെ കാലത്താണ്.

ലേഡീസ് സ്റ്റാഫ് റൂമിന്റെ പണിയും പൂര്‍ത്തിയാക്കി.സ്‌കൂള്‍ നിലം മുഴുവന്‍ ടൈല്‍സ് പാകുകയും മുഴുവന്‍ ക്‌ളാസുകള്‍ക്കും ജനലും ഡോറും പണിയുകയും ചെയ്ത സുബൈര്‍ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാക്കി.

സ്‌കൂള്‍ മുഴുവന്‍ പെയിന്റ് ചെയ്ത് മനോഹരമാക്കിയതും അദ്ദേഹം തന്നെ .സ്‌കൂളിന്റെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്.

ഗുണമേന്മയിലും സ്‌കൂള്‍ ഏറെ മുന്നോട്ടു പോയി. 2013 വരെ രണ്ടക്കം തികയാതിരുന്ന ഫുള്‍ എ പ്ലസ് ഇന്ന് മൂന്നക്കം കടന്ന് 130 എത്തി നില്‍ക്കുന്നു.

അര നൂറ്റാണ്ട് പിന്നിട്ട സീതിയില്‍ സുബൈര്‍ വരുന്നതു വരെ വിദ്യാര്‍ത്ഥി സംഘങ്ങളുടെ ഒരൊറ്റ ഒഫീഷ്യല്‍ വിങ്ങും ഉണ്ടായിരുന്നില്ല.

എസ്.പി.സി യും സ്‌കൗട്ടും ഗൈഡും കൊണ്ടുവന്നതും അദ്ദേഹം തന്നെ.

പാവപ്പെട്ട കുട്ടികള്‍ക്ക് വീടുകള്‍ പണിതും പ്രളയകാലത്ത് ഒരു നാടിനെ മുഴുവന്‍ പുനരധിവസിപ്പിച്ചും
കോവിഡ് കാലത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായ വാത്സല്യക്കട നടത്തിയതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂളിന്റെ കാര്യണ്യമുഖവും കാട്ടിക്കൊടുത്തു.

പ്രദേശികമായി ഏരിയ പാരന്റ്‌സ് മീറ്റ് സംഘടിപിച്ചും ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് NUTS പദ്ധതി തുടങ്ങിയും തുടിപ്പ് മാസികയുടെ പ്രസിദ്ധീകരണം നടത്തിയും സീതി വേറിട്ട വഴി വെട്ടി.

പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റുകള്‍ സീതിയില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തതും അതില്‍ പകുതി സീറ്റും പാവങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ചതും സുബൈറിന്റെ ഇടപെടലിലൂടെയായിരുന്നു.

ഒരു കാലത്ത് സംസ്ഥാനതലത്തില്‍ ഏറ്റവും പിന്നോക്കം നിന്ന പത്ത് സ്‌കൂളുകളില്‍ ഒന്നായിരുന്ന സീതി സാഹിബ് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച 10 വിദ്യാലയങ്ങളുടെ പട്ടികയിലാണ്. സ്‌കൂളിന് ഇന്ന് 70 ഡിവിഷനുകളും 3600 കുട്ടികളുമുണ്ട്.

വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ അന്യായ നടപടിക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്ന് സുബൈര്‍ അറിയിച്ചു.