പി.കുഞ്ഞിരാമന് മാസ്റ്റര്‍(മീശ മാഷ്-84)നിര്യാതനായി.
തളിപ്പറമ്പ്: നാലു പതിറ്റാണ്ടിലേറെയായി തളിപ്പറമ്പിലെ സാമൂഹ്യ-രാഷ്ട്രീയ-കായിക രംഗത്തെ നിറസാനിധ്യമായ പി.കുഞ്ഞിരാമന് മാസ്റ്റര്‍ (84) നിര്യാതനായി. 1970 കളുടെ തുടക്കത്തില്‍ കല്യാശ്ശേരി ഹൈസ്കൂളില്‍ നിന്നും ടാഗോര്‍ വിദ്യാനികേതന്‍ ഹൈസ്കൂളില്‍ കായിക അധ്യാപകനായി എത്തിയനാള്‍ മുതല്‍ തളിപ്പറമ്പുകാരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു, പിന്നീട് മീശ മാഷ് എന്ന് അറിയപ്പെട്ട പി.കുഞ്ഞിരാമന്.
പഴയങ്ങാടി വയലപ്രയിലെ വീരച്ചന് വളപ്പില്‍ കുഞ്ഞപ്പയുടെയും മാതിയുടെയും മകനായി ജനിച്ച മാഷ് സ്കൂള്‍ പഠന കാലം മുതല്‍ അറിയപ്പെടുന്ന ഫുട്ബോള്‍ താരം ആയിരുന്നു. പിന്നീട് കണ്ണൂര്‍ ജിംഖാനയിലൂടെ അദ്ദേഹം പല തവണ കണ്ണൂര്‍ ജില്ലാ ടീമില്‍ എത്തി.
സംഘടനാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മാഷ് അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ ജീവിതവും നയിച്ചു.
അടിയന്തിരാവസ്ഥ കാലത്തെ പോലീസ് നടപടികളിലൂടെ കുപ്രശസ്തനായ പീലിക്കോടന്‍ നാരായണനുമായി രൂപ സാദൃശ്യം ഉണ്ടായിരുന്ന മാഷിനെ പീലിക്കോടന്‍ ആണെന്ന് കരുതി ഒരിക്കല്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ വളഞ്ഞു വെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ അറിയുന്ന ആരോ ഒരാള്‍ക്ക് കാര്യം പിടി കിട്ടിയതിനാല്‍ പ്രശ്നങ്ങള്‍ ഇല്ലാതെ രക്ഷപെട്ടു.
തന്റെ സര്‍വീസ് കാലത്തു രണ്ടായി നിന്നിരുന്ന ഗവണ്മെന്റ്, എയിഡഡ് സ്കൂളുകളിലെ കായിക അധ്യാപക സംഘടനകളെ ഒന്നിപ്പിച്ചു ഒറ്റ സംഘടനക്ക് കീഴില്‍ കൊണ്ട് വന്നതില്‍ പ്രധാനി ആണ് പി. കുഞ്ഞിരാമന്. പിന്നീട് തുടര്‍ച്ചയായി നിരവധി തവണ കായികാധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടു. തന്റെ സര്‍വീസ് ജീവിത കാലത്ത് നിരവധി തവണ കേരള സ്റ്റേറ്റ് സ്കൂള്‍ ടീമിന്റെ മാനേജര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ബി ജെ പി യില്‍ എത്തിയ അദ്ദേഹം ബി ജെ പി തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയ വിദ്യാനികേതന്‍ കായിക പ്രമുഖ്, വിവേകാനന്ദ വിദ്യാലയം മാനേജര്‍, പയ്യന്നൂര്‍ കോസ്മോ പോളിറ്റന്‍ ക്ലബ്, തളിപ്പറമ്പ് സീനിയര്‍ സിറ്റിസണ്‍ ഫോറം, എസ് എന്‍ ഡി പി തളിപ്പറമ്പ് ശാഖ എന്നിവയുടെയും ഭാരവാഹി ആയിരുന്നു.
ഫുട്ബോള്‍ ഫെഡറേഷന് അംഗീകരിച്ച റഫറിയായ ഇദ്ദേഹത്തെയാണ്ണ് 1990 കളുടെ കാലത്ത് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വന്നിരുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ നിയന്ത്രിക്കാന്‍ സംഘാടകര്‍ എന്നും ആശ്രയിച്ചിരുന്നത്.
ഭാര്യ :പി ലീല (റിട്ടയേര്‍ഡ് ടീച്ചര്‍ )മക്കള്‍ : ബിന്ദു (മോറാഴ ), ഗിരീഷ്കുമാര്‍ (ബിസിനസ് ), വിനീത് (പ്ലസ് ടു അധ്യാപകന്, ജി എച്ച് എച്ച് എസ് ശ്രീകണ്്ഠാപുരം ). മരുമക്കള്‍ : മോഹനന് (ബിസിനസ് ), സുമലത, അശ്വതി (ഡയറി ഡിപ്പാര്‍ട്മെന്റ് ). സഹോദരങ്ങള്‍: ബാലകൃഷ്ണന്, ലക്ഷ്മണന്, ഭരതന്, പവിത്രന്, ജാനകി, യശോദ, കമല. സംസ്ക്കാരം ഇന്ന് വൈകുന്നേരം ഏഴാംമൈല്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.
