പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 2022 ഏപ്രില്‍ മുതല്‍ 6 മാസത്തേക്ക് കൂടി നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
Report—PRESS INFORMATION BUREAU
ന്യൂഡെല്‍ഹി: സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളോടുള്ള ഉത്കണ്ഠയും സംവേദനക്ഷമതയും കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി 2022 സെപ്റ്റംബര്‍ വരെ ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിന് അംഗീകാരം നല്‍കി.
പിഎംജികെഎവൈ പദ്ധതിയുടെ അഞ്ചാം ഘട്ടം 2022 മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതി എന്ന നിലയില്‍ പിഎംജികെഎവൈ 2020 ഏപ്രില്‍ മുതല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
പദ്ധതിക്കായി ഗവണ്മെന്റ് ഇത് വരെ ഏകദേശം 2 .60 ലക്ഷം കോടി രൂപ ചെലവിട്ടു കഴിഞ്ഞു. കൂടാതെ മറ്റൊരു 80,000 കോടി രൂപ കൂടി 2022 സെപ്തംബര്‍ വരെയുള്ള ആറ് മാസക്കാലത്തേയ്ക്കു ചെലവിടും. ഇതോടെ പിഎംജികെഎവൈ പദ്ധതിയുടെ മൊത്തം ചെലവ് 3 .40 ലക്ഷം കോടി രൂപയാകും.
രാജ്യത്തുടനീളമുള്ള ഏകദേശം 80 കോടി ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന ഇ പദ്ധതി , മുമ്പത്തെപ്പോലെ പൂര്‍ണമായും കേന്ദ്ര ഗവണ്മെന്റ് ധനസഹായത്തോടെയായിരിക്കും നടപ്പാക്കുക.
കോവിഡ്19 മഹാമാരി ഗണ്യമായി കുറയുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ വീണ്ടെടുപ്പിന്റെ സമയത്ത് ഒരു പാവപ്പെട്ട കുടുംബവും ഭക്ഷണമില്ലാതെ ഉറങ്ങാന്‍ പോകുന്നില്ലെന്ന് ഈ പിഎംജികെഎവൈ വിപുലീകരണം ഉറപ്പാക്കും.
വിപുലീകൃത പിഎംജികെഎവൈ പ്രകാരം ഓരോ ഗുണഭോക്താവിനുംദേശീയ ഭക്ഷ്യ ഭദ്രത പദ്ധതിക്ക് കീഴിലുള്ള തന്റെ സാധാരണ ക്വാട്ട ഭക്ഷ്യധാന്യത്തിന് പുറമേ ഒരാള്‍ക്ക് പ്രതിമാസം 5 കിലോ സൗജന്യ റേഷന്‍ ലഭിക്കും.
ഇതിനര്‍ത്ഥം ഓരോ പാവപ്പെട്ട കുടുംബത്തിനും സാധാരണ റേഷന്‍ വിഹിതത്തിന്റെ ഇരട്ടിയോളം ലഭിക്കും. പിഎംജികെഎവൈ പദ്ധതിക്ക് കീഴില്‍ അഞ്ചാം ഘട്ടം വരെ ഗവണ്മെന്റ് ഏകദേശം 759 ലക്ഷം മെട്രിക് ടണ്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്.
ഇപ്പോള്‍ 1,003 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമായി. രാജ്യത്തുടനീളമുള്ള ഏകദേശം 5 ലക്ഷം റേഷന്‍ കടകളില്‍ നിന്ന് വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് കീഴിലുള്ള ഏതൊരു കുടിയേറ്റ തൊഴിലാളിക്കും അല്ലെങ്കില്‍ ഗുണഭോക്താവിനും പോര്‍ട്ടബിലിറ്റി വഴി സൗജന്യ റേഷന്റെ പ്രയോജനം ലഭിക്കും.
ഇതുവരെ, 61 കോടിയിലധികം പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് ദൂരെ കഴിയുന്ന ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്തു.
നൂറ്റാണ്ടിലെ ഏറ്റവും മോശമായ പകര്‍ച്ചവ്യാധികള്‍ക്കിടയിലും, ഗവണ്മെന്റ് കര്‍ഷകര്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന തുക നല്‍കികൊണ്ടാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഭരണം
സാധ്യമാക്കിയത്, കാര്‍ഷികമേഖലയിലെ ഈ റെക്കോര്‍ഡ് ഉല്‍പ്പാദനത്തിന് അന്നദാതാക്കളായ ഇന്ത്യന്‍ കര്‍ഷകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
