ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം, അമ്മയ്ക്ക് ഒരു വര്‍ഷം തടവ്

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന്‌ ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

യുവാവിന്റെ അമ്മക്ക് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുചാല്‍ ചെമ്പാലക്കുന്നേല്‍ ഹൗസില്‍ സി.ജെ.ജിബിനിനെയാണ് (24) ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഇത് കൂടാതെ മറ്റൊരു 12 വര്‍ഷം തടവും അനുഭവിക്കണം.

തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷാണ് ശിക്ഷ വിധിച്ചത്.

അമ്മ മിനി ജോസിന് (49) ഒരു വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു.

മൂന്നാം പ്രതിയായ മുത്തശി മേരി ദേവസ്യയെയും (79) നാലാം പ്രതിയായ പിതാവ് സി.ഡി.ജോസിനെയും(54) കോടതി വെറുതെവിട്ടു.

2022 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം.

ആറളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്ന് 17 വയസുള്ള പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ജിബിന്‍ പ്രണയത്തിലാണെന്ന് വിശ്വസിപ്പിച്ച് തനിക്ക് സുഖമില്ലെന്നും തന്നെ വന്ന് കാണണമെന്നും ഫോണ്‍ മുഖേന പറയുകയായിരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ മറ്റൊരിടത്ത് താമസിക്കുന്ന അമ്മയെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ വൈകുന്നേരം 5.20 ന് ചേപ്പറമ്പ് ടൗണിലെത്തിയ പ്പോള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി ജിബിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് രാത്രി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജിബിന്റെ അമ്മ മിനി ജോസും അമ്മൂമ്മ മേരി ദേവസ്യയും പെണ്‍കുട്ടിയെ മര്‍ദിക്കുകയും പിതാവ് ജോസ് അശ്ലീലഭാഷയില്‍ ചീത്തവിളിച്ച് തല്ലിക്കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുതുവെന്നാണ് കേസ്.

അന്നത്തെ ചെറുപുഴ എസ്.ഐ എം.പി.ഷാജിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പട്ടികവര്‍ഗ്ഗക്കാരിയായതിനാല്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പിയായിരുന്ന കെ.ഇ.പ്രേമചന്ദ്രനാണ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.