അശ്വരഥോല്സവത്തിന് തളിപ്പറമ്പ് ഒരുങ്ങി-ഇന്ന് വൈകുന്നേരം കുതിരവലി.
തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തില്‍ പൂര മഹോത്സവത്തിന് സമാപനം കുറിച്ച്

ഇന്ന് (ഏപ്രില്‍ 4 ന് ചൊവ്വാഴ്ച്ച) വൈകുന്നേരം 3.30 ന് കുതിരവലി എന്ന അശ്വരഥോത്സവം നടക്കും.
രാവിലെ 9 മണിക്ക് പൂരക്കളിയുടെ സമാപ്തി കുറിച്ച് നടക്കുന്ന
കാമന്പാട്ടിന് ശേഷം കൊട്ടാരത്തില്‍ നിന്നും രണ്ട് പൊയ് കുതിരകളെ പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട തോലന് തറവാട് ,
ആലിങ്കീല്‍ തറവാട് എന്നിവിടങ്ങളിലെ കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനങ്ങളിലേക്ക് എഴുന്നള്ളിക്കും.
തറവാടു സ്ഥാനങ്ങളില്‍ അലങ്കരിച്ച് നിര്‍ത്തുന്ന അശ്വരഥങ്ങളെ ഉച്ചയ്ക്കുശേഷം കൊട്ടാരത്തില്‍ നിന്നും സപ്തമാതൃസ്തുതി ചൊല്ലിയ ശേഷം വാദ്യമേളങ്ങളോടുകൂടി കോമരങ്ങള്‍ എത്തി പൊയ്ക്കുതിരകളെ ഇളനീരും ഭസ്മവും കൊണ്ട് കലശ മാടുന്ന തോടെ രഥോത്സവത്തിന് തുടക്കം കുറിക്കും.
തോലന് തറവാട്ടില്‍ ഭദ്രകാളി സങ്കല്പത്തില് ചുവപ്പും, ആലിങ്കീല്‍ തറവാട്ടില്‍ ശിവസങ്കല്പത്തില് പച്ചയും നിറങ്ങളോടുകൂടിയ അശ്വരഥങ്ങളെ കോമരങ്ങള്‍ കലയാടിയ ശേഷം തറവാട്ടംഗങ്ങള്‍ അരിയെറിഞ്ഞ് യാത്രയയക്കും.
ഈ ചടങ്ങുകള്‍ക്ക് ശേഷം സമുദായാംഗങ്ങള്‍ പാശങ്ങള്‍ കൊണ്ട് വലിച്ച് അശ്വരഥങ്ങളെ കൊട്ടരത്തില്‍ സമര്‍പ്പിക്കും.
കൊട്ടാരത്തില്‍ നിന്നും പുറപ്പെടുന്ന തിരുവായുധം എഴുന്നള്ളത്തിന് മുന്നിലായി രണ്ട് അശ്വരഥങ്ങളെയും നഗര പ്രദക്ഷിണം നടത്തിക്കും.
കൊട്ടാരത്തിന്റെ ഉപ ക്ഷേത്രങ്ങളയ മുണ്ട്യക്കാവ്, അരിയില്‍ കുളങ്ങര എന്നി ദേവസ്ഥാനങ്ങളില്‍ കുതിരകള സമര്‍പ്പിച്ച ശേഷം കാനത്ത് ശിവക്ഷേത്രത്തില്‍ എത്തിച്ചേരും.
കാനത്ത് ചിറയില്‍ നടക്കുന്ന പൂരംകുളിക്കു ശേഷം എഴുന്നള്ളത്ത് മാനേങ്കാവിലെത്തും.
തുടര്‍ന്ന് കുലാല സമുദായത്തിന്റെ ക്ഷേത്രമായ വിക്രനന്തപുരം ക്ഷേത്രത്തില്‍ വരവേല്‍പ്പ് നല്‍കും.
പൂക്കോത്ത് നടയില്‍ എത്തിച്ചേരുന്ന എഴുന്നള്ളത്ത് പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ‘മഞ്ഞേരി’, ‘ആന്ത്ര ‘എന്നി നമ്പ്യാര്‍ തറവാടുകളിലും എത്തിച്ചേരും.
രഥോത്സവം കൊട്ടാരത്തില്‍ തിരിച്ചെത്തിയ ശേഷം കോലസ്വരൂപത്തിങ്കല്‍ തായ്പ ര ദേവതയുടെ പുരം കുളിയോടെ പൂരാഘോഷത്തിന് സമാപ്തിയാകും.
പണ്ട് പൂക്കോത്ത് ഇല്ലത്തിന്റെ അധീനതയിലായിരുന്നു പൂക്കോത്ത് കൊട്ടാരം.
പൂക്കോത്ത് ഇല്ലത്തെ ശിവ ഭക്തനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠന് അഭീഷ്ട കാര്യസിദ്ധിക്കായി പരമശിവനെ തപസ് ചെയ്തു.
ഭക്തന്റെ തപസില്‍ സന്തുഷ്ടനായ ശിവന് മൂന്നാം തൃക്കണ്ണില്‍ നിന്നും ജനിച്ച മകള്‍ ഭദ്രകാളിയോടൊപ്പം പ്രത്യക്ഷപ്പെട്ടു.
ശിവന് പച്ച പട്ട് വിരിച്ച കുതിരയുടെ പുറത്തും, മകള്‍ ഭദ്രകാളി ചുവന്ന പട്ട് വിരിച്ച കുതിരയുടെ പുറത്തുമായാണ് പ്രത്യക്ഷപ്പെട്ടത്.
പൂര ദിവസം പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും തിരുവായുധം എഴുന്നള്ളത്തിന് മുന്നില്‍ എന്റെയും മകള്‍ ഭദ്രകാളി യുടെയും സങ്കല്പത്തില് പച്ചയും ചുവപ്പും നിറങ്ങളോടുകൂടിയ രണ്ട്
അശ്വരഥങ്ങളെ ഉണ്ടാക്കി ഭക്തിയോടു കൂടി നഗരപ്രദക്ഷിണാര്ത്ഥം എഴുന്നള്ളിച്ചാല്‍ നാടിനും ജനങ്ങള്‍ക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് അനുഗ്രഹിച്ച് ഇരുവരും അപ്രത്യക്ഷമായി.
ഇതുമായി ബന്ധപ്പെട്ടാണ് പൂക്കോത്ത് കൊട്ടാരത്തിലെ പൂര ദിവസം തിരുവായുധം എഴുന്നള്ളത്തിന്റെ മുന്നിലായി അശ്വരഥങ്ങള്‍ നഗര പ്രദക്ഷിണം നടത്തി വരുന്നതിന്റെ ഐതിഹ്യം.
