പോര്‍ തൊഴില്‍ വണ്ടറടിപ്പിക്കുന്ന തമിഴ് ത്രില്ലര്‍ സിനിമ-

രാധാകൃഷ്ണമാരാര്‍

ഏറെക്കാലത്തിന് ശേഷമാണ് ശരത്കുമാറിനെ ഒരു ത്രില്ലര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ കാണുന്നത്. നിരവധി പ്രത്യേകതകള്‍ നിറഞ്ഞ പോര്‍തൊഴില്‍ എന്ന തമിഴ് സിനിമയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മലയാളികളായ സന്തോഷ് കീഴാറ്റൂരും സുനില്‍ സുഖദയും നിഖില വിമലും ശ്രദ്ധേയങ്ങളായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. സന്തോഷിന്റെയും സുനില്‍ സുഖദയുടെയും വില്ലന്‍ വേഷങ്ങല്‍ എടുത്തുപറയേണ്ടത് തന്നെയാണ്. ഈ ചിത്രത്തിലെ അഭിനയമികവ് കണക്കിലെടുക്കുമ്പോള്‍ സന്തോഷിനെ മലയാള സനിമക്ക് നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. തമിഴിലെ തിരക്കുള്ള ഒരു വില്ലന്‍നടനായി അദ്ദേഹം മാറിയാല്‍ അല്‍ഭുതപ്പെടാനില്ല. നാല് യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ചെന്നൈയില്‍ നിന്നും തിരുച്ചിയിലെത്തുന്ന ലോകനാഥന്‍ എന്ന ക്രൈംബ്രാഞ്ച് എസ്.പി അസിസ്റ്റന്റായ പ്രകാശ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വീണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. കൊലയാളിയെ കണ്ടെത്താന്‍ ഇവര്‍ നടത്തുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ടാണ് സിനിമ പുരോഗമിക്കുന്നത്. അടുത്തകാലത്ത് നിര്യാതനായ നടന്‍ ശരത്ബാബു അവതരിപ്പിക്കുന്ന കെന്നഡി എന്ന വില്ലന്‍ കഥാപാത്രം അദ്ദേഹം മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ സിനിമകൂടിയാണ് പോര്‍തൊഴില്‍. വിഘ്‌നേഷ് രാജ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ അവസാനനിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. നിഖിലാ വിമലിന് സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ഉള്ള ഭാഗങ്ങള്‍ അവര്‍ നന്നായി ചെയ്തിട്ടുണ്ട്. മലയാളിയായ ജേക്ക്‌സ് ബിജോയിയാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ ബി.ജി.എം വഹിച്ച പങ്ക് ചെറുതല്ല. കലൈസെല്‍വന്‍ ശിവജിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏത് ഭാഷയിലും ത്രില്ലര്‍സിനിമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട്. രണ്ടരമണിക്കൂര്‍ നേരം സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ഒരു സിനിമ ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പോര്‍ തൊഴിലിന് ധൈര്യമായി ടിക്കറ്റെടുക്കാം.