ആത്മഹത്യാ പ്രേരണകേസിലെ പ്രതി പി.പി.ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വൈകാതെ തന്നെ അറസ്റ്റിനു സാധ്യതയുണ്ട്.
അതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം. കേസില്‍ പൊലീസ് ദിവ്യയെ ഇന്ന് ചോദ്യം ചെയ്‌തേക്കും.
ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ പേരെ പൊലീസ് പ്രതി ചേര്‍ക്കുന്ന കാര്യവും ആലോചനയിലുണ്ട്.
പ്രശാന്തന്‍ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സ് കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.
ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു പി.പി.ദിവ്യയെ നീക്കിയിരുന്നു.
ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ സ്ഥാനം രാജി വച്ചതായി പിപി ദിവ്യ കത്തിലൂടെ വ്യക്തമാക്കി.
ഈ കത്ത് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതായും അവര്‍ വ്യക്തമാക്കി.
സംഭവം നടന്ന ശേഷം ആദ്യമായാണ് അവരുടെ പ്രതികരണം വന്നത്. പരിയാരം ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രത്‌നകുമാരിയാണ് പുതിയ ജില്ലാ പ്രസിഡന്റ്.
യോഗത്തില്‍ ഒരാള്‍ പോലും ദിവ്യയെ പിന്തുണച്ചില്ല.
വിഷയത്തില്‍ ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും പാര്‍ട്ടി വിലയിരുത്തി.