ഭരതന്റെയും പത്മരാജന്റെയും ആദ്യത്തെ പ്രയാണത്തിന് 49 വയസ്.
മലയാള സിനിമ കണ്ട മികച്ച രണ്ടു കലാകാരന്‍മാരായ ഭരതനും പത്മരാജനും തങ്ങളുടെ സിനിമ ജീവിതം തുടങ്ങുന്നത് ഒരുമിച്ചായിരുന്നു. വര്‍ഷം 1975.
അന്ന് പത്മരാജന്‍ എഴുതിയ പ്രയാണം എന്ന ചിത്രം ഭരതന്‍ സംവിധാനം ചെയ്തുകൊണ്ടാണ് ഇരുവരും നമ്മുടെ മുന്നിലേക്കെത്തുന്നത്.
അന്നുവരെയുള്ള സിനിമയിലെ ചട്ടക്കൂടുകള്‍ പൊളിച്ചടുക്കിയ രചനയായിരുന്നു പ്രയാണത്തിന്റേത്.
ഭരതന്‍ തന്നെയായിരുന്നു കഥയും നിര്‍മാണവും ഏറ്റെടുത്തത്. ഗംഗാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ വിതരണം ചെയ്തത് വിമല ഫിലിംസ്.
എന്‍.പി.സുരേഷാണ് എഡിറ്റര്‍, ക്യാമറ-ബാലു മഹേന്ദ്ര. പരസ്യവും കലാസംവിധാനവും ഭരതന്‍. കൊട്ടാരക്കര, ലക്ഷ്മി, മോഹന്‍, നന്ദിതാബോസ്, കവിയൂര്‍ പൊന്നമ്മ, മാസ്റ്റര്‍ രഘു, വീരന്‍, എം.എസ്.വാരിയര്‍, എം.എസ്.നമ്പൂതിരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
ഇല്ലത്തിന്റെ കഷ്ടതയില്‍ നിന്നും ഒരു മകളെ രക്ഷിക്കാന്‍ അവിടുത്തെ നമ്പൂതിരി കണ്ട മാര്‍ഗം തന്റെ ശിഷ്യനെകൊണ്ട് അവളെ വിവാഹം കഴിപ്പിക്കലായിരുന്നു.അയാള്‍ക്ക് അല്പം പ്രായകൂടുതല്‍ ഉണ്ട്, വിഭാര്യനും ഒരു കുട്ടിയുടെ പിതാവുമാണ്. എങ്കിലും ഒരമ്പലത്തിലെ ശാന്തികാരനായ ആ നമ്പൂതിരി (കൊട്ടാരക്കര ശ്രീധരന്‍ നായര്‍ )യുമായുള്ള വിവാഹത്തിന് യുവതിയായ സാവിത്രി (ലക്ഷ്മി )സമ്മതിക്കുകയാണ്. അവള്‍ അയാളുടെ മകനെ (മാസ്റ്റര്‍ രഘു )സ്വന്തം മകനെ പോലെ നോക്കി. നല്ല രീതിയില്‍ ആ ദാമ്പത്യം വളര്‍ന്നു. ആ സമയത്താണ് ഗ്രാമത്തിലേക്ക് അരവിന്ദന്‍(മോഹന്‍ ) വരുന്നത്. വര്‍ത്തമാനകാലത്തിലെ നിരവധി വിഷാദങ്ങള്‍ പേറി അയാള്‍ തന്റെ തറവാട്ടിലേക്ക് തിരിച്ചു വന്നതാണ്. ഒരിക്കല്‍ സാവിത്രിയും അരവിന്ദനും അമ്പലത്തില്‍ വച്ച് കണ്ടുമുട്ടുന്നു. പിന്നീട് പലപ്പോഴും അത് സംഭവിക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു പ്രേമബന്ധം ഉത്ഭവിക്കുന്നു. യൗവനത്തിന്റെ തീഷ്ണമായ തൃഷ്ണകളുടെ വേലിയേറ്റത്തിനൊടുവില്‍ അവരുടെ മനസും ശരീരവും ഒന്നിക്കുകയാണ്.
ആക്കാലത്തുണ്ടായിരുന്ന സിനിമയിലെ പൊതുവായ ചിന്താധാരകളെ മാറ്റിമറിച്ച എഴുത്തായിരുന്നു പത്മരാജന്‍ ഇതിലൂടെ കാണിച്ചത്. അതിന്റെ പുതുമ ഒട്ടും ചോരാതെ ഉള്‍ക്കൊണ്ടു പടം ചെയ്യാന്‍ ഭരതനും സാധിച്ചു. സാവിത്രിയായി ലക്ഷ്മി അസാധ്യ അഭിനയവും കാഴ്ചവച്ചു.
ഇതെക്കെയാണ് ഈ പടം ഇന്നും മികച്ചൊരു ക്ലാസ്സ് ചിത്രം എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം. ബ്ലാക്ക് &വൈറ്റില്‍ എടുത്തതായിട്ടുകൂടി ലക്ഷ്മിയുടെ അഭൗമസൗന്ദര്യവും ആ ഗ്രാമഭംഗിയും ഒപ്പിയെടുക്കാന്‍ ക്യാമറമാന്‍ ബാലുമഹേന്ദ്രക്കായി. എം ബി ശ്രീനിവാസന്‍ മികവുറ്റ സംഗീതവും നിര്‍വഹിച്ചു.
മികച്ച ക്യാമറമാനായി ബാലുമഹേന്ദ്രയും ബാലതാരമായി മാസ്റ്റര്‍ രഘുവും കലാസംവിധായകനായി ഭരതനും ആ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുകയുണ്ടായി.1980 ല്‍ ഭരതന്‍ ഈ ചിത്രം തമിഴില്‍ സാവിത്രി എന്ന പേരില്‍ മേനകയെ ടൈറ്റില്‍ റോളില്‍ അഭിനയിപ്പിച്ചു റീമേക്ക് ചെയ്തു. പക്ഷെ അവിടെ പടം വലിയ ശ്രദ്ധ നേടിയില്ല. വയലാര്‍, യതീന്ദ്ദാസ്, ബിച്ചുതിരുമല എന്നിവരുടെ വരികള്‍ക്ക് എം.ബി.ശ്രീനിവാസന്റെ സംഗീതം.
്