പ്രശസ്ത പരിശീലകന്‍ പ്രീത് ഭാസ്‌ക്കറിന് ഡോക്ടറേറ്റ്.

പനാജി: പ്രശസ്ത പരിശീലകനും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കറിനെ ഈസ്റ്റോണിയ യൂറോ ഏഷ്യന്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

23 വര്‍ഷമായി ഗുഡ് പേരന്റിംഗ് അടക്കം വിവിധ പരിശീലന മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ഗോവയിലെ സെര്‍നാ ബോട്ടം ബീച്ചിലെ ബേ വാച്ച് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ വെച്ച് ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്തും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സെബാസ്റ്റ്യന്‍ മെന്റസും ചേര്‍ന്നാണ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

വൈക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവിധോദേശ പരിശീലന കേന്ദ്രമായ CELT (Centre for Easy Learning and Training)ന്റെ ഡയറക്ടര്‍ ആണ്.

പരിശീലന രംഗത്ത് അയ്യായിരത്തിലധികം വേദികള്‍ പിന്നിട്ട ഇദ്ദേഹം മികച്ച പ്രഭാഷകന്‍, സംഘാടകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.

മാതാപിതാക്കള്‍ക്കുള്ള ‘Good Paranting’ എന്ന വിഷയത്തില്‍ കേരളത്തിലെ വിവിധ സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിലായി രണ്ടരലക്ഷത്തോളം രക്ഷിതാക്കള്‍ക്ക് ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍, ജീവിത നൈപുണി (Life skills) എന്നിവയിലും പരിശീലനം നല്‍കിവരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യ പ്രവണതയ്‌ക്കെതിരെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് 500 സൗജന്യ പ്രഭാഷണങ്ങള്‍ നടത്തി വരുന്നു.

Human Rights Forum ഏര്‍പ്പെടുത്തിയ Trainer Excellence Award 2022 നേടിയ ഇദ്ദേഹം രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ബാലസാഹിത്യ കൃതിയായ ‘പഞ്ചാര മുട്ടായി ‘ രണ്ട് പതിപ്പുകള്‍ പുറത്തിറക്കി. മാതാപിതാക്കള്‍ക്കായി എഴുതിയ ‘കഥപറയുന്ന കളിവീടുകള്‍ ‘ എന്ന പുസ്തകം ഇത് വരെ ആറ് പതിപ്പുകളാണ് വിറ്റഴിഞ്ഞത്.

ആനുകാലികങ്ങളിലും എഴുതാറുള്ള ഇദ്ദേഹത്തിന്റെ സൃഷ്ടികളും പ്രഭാഷണങ്ങളും ആകാശവാണിയും വിക്ടേഴ്‌സ് ചാനലും പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

Our Responsibility to Children (ORC), KILA എന്നിവയുടെ RP ആയും പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ വിവിധ പത്ര സ്ഥാപനങ്ങളില്‍ 25 വര്‍ഷത്തോളം മാധ്യമ പ്രവര്‍ത്തനം നടത്തി.

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ഇടുക്കി ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കുട്ടികളുടെ മാസിക എഴുത്തോലയുടെ അസോസിയേറ്റ് എഡിറ്റര്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഇടുക്കി ജില്ലാ കോര്‍ഡിനേറ്റര്‍, നന്മ കലാസാഹിത്യ വേദി ഇടുക്കി ജില്ലാ പ്രസിഡന്റ്, അടിമാലി ഫിലിം സൊസൈറ്റി സെക്രട്ടറി, പുരോഗമന കലാ സാഹിത്യ സംഘം ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഉപ്പുതറ നളന്ദ കോളേജ്, അടിമാലി നളന്ദ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്നിവയുടെ പ്രിന്‍സിപ്പാള്‍ ആയിരുന്നു.

ഇപ്പോള്‍ വൈക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈക്കം സഹൃദയ വേദിയുടെ സെക്രട്ടറിയും വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

സമ്പൂര്‍ണ്ണ സാക്ഷരത യജ്ഞം ആരംഭിച്ചപ്പോള്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ആയിരുന്നു. ഇടുക്കി ജില്ലയിലെ ഉപ്പുതറയില്‍ ജനിച്ച പ്രീത് ഭാസ്‌ക്കര്‍ ജോലിയുടെ ഭാഗമായി മൂന്നാറിലും അടിമാലിയിലും ഏറെക്കാലം താമസിച്ചു.

പരേതനായ ഇ.കെ. ഭാസ്‌ക്കരന്റേയും വസുമതിയമ്മയുടേയും മകനാണ്. വൈക്കം ഫേമസ് ബേക്കറി ഉടമ സ്മിതയാണ് ഭാര്യ.

വിദ്യാര്‍ത്ഥികളായ അമൃത ഭാസ്‌കര ശിവപ്രിയ, ആദി ഭാസ്‌ക്കര ശിവസ്വരൂപ് എന്നിവര്‍ മക്കളാണ്. ഇപ്പോള്‍ വൈക്കം വടക്കേനട കൊച്ചാലുംചുവട്ടില്‍ താമസിക്കുന്നു.