പ്രധാനമന്ത്രിയുടെ യോഗ അവാര്‍ഡുകള്‍ക്ക് (2022) ആയുഷ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

റിപ്പോര്‍ട്ട്–പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ-

ന്യൂ ഡല്‍ഹി: ആയുഷ് മന്ത്രാലയം, 2022ലെ പ്രധാനമന്ത്രിയുടെ യോഗ അവാര്‍ഡുകള്‍ക്കായി അപേക്ഷ/ ശുപാര്‍ശ ക്ഷണിച്ചു.

പുരസ്‌കാര ജേതാക്കളെ 2022 ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രഖ്യാപിക്കും.

2022 ലേക്കുള്ള അവാര്‍ഡിന്റെ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ MyGov പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ് (https://innovateindia.mygov.in/pm-yoga-awards-2022/).

ഓണ്‍ലൈന്‍ രീതി വഴി മാത്രമേ അപേക്ഷകള്‍/ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കഴിയൂ.

ഇന്ത്യന്‍ വംശജരായവര്‍ക്ക് വേണ്ടി രണ്ട് ദേശീയ വിഭാഗങ്ങളും വിദേശ വംശജര്‍ക്ക് വേണ്ടി രണ്ട് അന്താരാഷ്ട്ര വിഭാഗങ്ങളും പുരസ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു.

ഈ പുരസ്‌കാരത്തിനായുള്ള അപേക്ഷകര്‍ / ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ യോഗയുടെ പ്രോത്സാഹനത്തിനായി അസാധാരണമായ സംഭാവനകള്‍ നല്‍കിയിരിക്കണം,

കൂടാതെ ഇവര്‍ക്ക് യോഗയെക്കുറിച്ച് ആഴത്തിലുള്ള ധാരണയും ഉണ്ടായിരിക്കണം.

താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാമനിര്‍ദ്ദേശ പ്രക്രിയ മനസ്സിലാക്കാനും അപേക്ഷ സമര്‍പ്പിക്കാനും https://innovateindia.mygov.in/pm-yoga-awards-2022/ എന്ന ലിങ്ക് വഴി പി എം വൈ എ പേജില്‍ പ്രവേശിക്കാം.

ഈ വര്‍ഷത്തെ നാമനിര്‍ദ്ദേശ/ അപേക്ഷ നടപടികള്‍ 2022 മാര്‍ച്ച് 28ന് ആരംഭിച്ചു.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 27 ആണ്.

അപേക്ഷകന് നേരിട്ട് അപേക്ഷിക്കാം. അല്ലെങ്കില്‍ യോഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ വ്യക്തിക്കോ സ്ഥാപനത്തിനോ അവരെ നാമനിര്‍ദ്ദേശം ചെയ്യുകയോ ആവാം.

ഒരു അപേക്ഷകന് ഒരു വര്‍ഷം, ദേശീയം അല്ലെങ്കില്‍ അന്തര്‍ദേശീയതലത്തില്‍ ഉള്ള ഏതെങ്കിലുമൊരു അവാര്‍ഡ് വിഭാഗത്തില്‍ മാത്രമേ അപേക്ഷിക്കാനോ/ നാമനിര്‍ദ്ദേശം ചെയ്യപ്പെടാനോ കഴിയുകയുള്ളൂ.

പ്രാരംഭ തെരഞ്ഞെടുപ്പിനും മൂല്യനിര്‍ണ്ണയത്തിനും ആയി രണ്ട് കമ്മിറ്റികള്‍ ആയുഷ് മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്.

അന്തിമമായി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഈ കമ്മിറ്റികള്‍ തീരുമാനിക്കും.

കാബിനറ്റ് സെക്രട്ടറിയാണ് മൂല്യനിര്‍ണ്ണയ സമിതി (ജൂറി)അധ്യക്ഷന്‍.