പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റത്തിന് ശ്രമം തുടങ്ങി.
.പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റത്തിന് ശ്രമം തുടങ്ങി.

ജൂലായ്-18 തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും സ്ഥലംമാറിവന്ന ഡോ.പ്രതാപ് സോമനാഥ് 39 ദിവസമായിട്ടും അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ അദ്ദേഹം പരിയാരത്ത് ഉണ്ടായിരുന്നുള്ളൂ.
അതിനിടയിലാണ് സ്ഥലംമാറ്റത്തിന് ശ്രമം നടത്തുന്നതായി വിവരം ലഭിച്ചിരിക്കുന്നത്.
ആദ്യ പ്രിന്‍സിപ്പാളായ ഡോ.എന്‍.റോയിയും മുന്‍ പ്രിന്‍സിപ്പാളായ ഡോ.കെ.അജയകുമാറും ഇതേ രീതിയില്‍ തന്നെയായിരുന്നു പരിയാരത്ത് തുടര്‍ന്നിരുന്നത്.
മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയില്‍ ഇരുന്നതിനേക്കാള്‍ കൂടുതല്‍ ദിവസങ്ങളിലും ഇവര്‍ അവധിയിലായിരുന്നു. ഡോ.കര്യാക്കോസ് മാത്രമാണ് പൂര്‍ണ തോതില്‍ പ്രിന്‍സിപ്പാളായി ഇവിടെ സേവനം ചെയ്തത്. അക്കാലത്ത് ഗുണപരമായ മാറ്റങ്ങളും ഉണ്ടായിരുന്നു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് വേണ്ടി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരാളെ പ്രിന്‍സിപ്പാളായി കൊണ്ടുവരാന്‍ സ്ഥലം എം.എല്‍.എയായ എം.വിജിന് മുന്‍കൈയടുക്കണമെന്ന് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന് ആവശ്യപ്പെട്ടു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദീര്‍ഘകാലം അവധിയെടുക്കുന്നവര്‍ ജോലി രാജിവെച്ച് പോകുന്നതാണ് ഒരു പൊതുസ്ഥാപനത്തെ സംബന്ധിച്ച് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇല്ലാത്ത പല തസ്തികകളും സഹകരണ മാനേജ്മെന്റിന്റെ കീഴിലായിരുന്നപ്പോള്‍ ഇവിടെ ഉണ്ടായിരുന്നത് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്
ഒഴിവാക്കണമെന്ന ആവശ്യവും പുതിയ ഡോക്ടര്‍മാരെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നും സ്ഥലംമാറ്റത്തിലൂടെ നിയമിക്കണമെന്നും പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.
