പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരും.

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ മാസം 18, 19 തീയതികളില്‍ യോഗം ചേരും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ് പ്രധാന വിഷയമെങ്കിലും പാര്‍ട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാ ചുമതലകളിലും തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

ഇപ്പോള്‍ ദേശാഭിമാനി പത്രാധിപരുടെ ചുമതല വഹിക്കുന്നത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.

മുഴുവന്‍ സമയ പത്രാധിപരായി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ ദിനേശന്‍ പുത്തലത്തിനെ നിയമിച്ചേക്കും.

990-2001 കാലത്ത് മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയെ പിണറായി വിജയന്റെ വിശ്വസ്തനെന്ന നിലയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയേക്കും.

പി.ബിയില്‍ നിന്ന് ഒഴിവായി തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്ന എസ്.രാമചന്ദ്രന്‍ പിള്ളക്ക് എ.കെ.ജി.പഠനഗവേഷണ കേന്ദ്രത്തിന്റെ ചുമതല നല്‍കും.

ഇ.പി.ജയരാജനോ എ.കെ.ബാലനോ എല്‍.ഡി.എഫ് കണ്‍വീനറാകും. നിലവില്‍ എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിന്റെയും ഇ.എം.എസ് അക്കാദമിയുടെയും ചുമതല എ.വിജയരാഘവനാണ്.