പാലകുളങ്ങരയില്‍ ഇനി പുണ്യം പൂങ്കാവനം- പൂജാ പുഷ്‌പോദ്യാനത്തിന് തുടക്കമായി-
തളിപ്പറമ്പ്: ശബരിമലയില്‍ ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി മറ്റ് ക്ഷേത്രങ്ങളും ഏറ്റെടുക്കുന്നു.
ഈ പദ്ധതി പ്രകാരം ശബരിമലയില്‍ തുടങ്ങി വെച്ച പ്ലാസ്റ്റിക്-മാലിന്യമുക്ത ശബരിമല എന്ന ആശയം ഇന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ഏറ്റെടുത്തു നടത്തി കൊണ്ടിരിക്കുകയാണ്.
അതിന്റെ തുടര്‍ച്ചയെന്നോണം സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളിലും പൂജ പുഷ്‌പോദ്യാനം, നക്ഷത്ര വനം എന്നിവ നട്ടുപിടിപ്പിക്കാനും പ്ലാസ്റ്റിക് വിമുക്ത ഭൂമി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കുലര്‍ ഇറക്കി കഴിഞ്ഞു.
അതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ പൂജാപുഷ്‌പോദ്യാനം പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
പുണ്യം പൂങ്കാവനം പദ്ധതി കണ്ണൂര്‍ ജില്ല ചീഫ് കോഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ കെ.വത്സരാജന്‍ പുതിയ മൈക്ക് സെറ്റ് &സൗണ്ട് സിസ്റ്റം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.
മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷന്‍ മെമ്പര്‍ പി.വി.സതീഷ്‌കുമാര്‍, പരിസ്ഥിതി വന്യജീവിസംരക്ഷകനും പെരിഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനുമായ വിജയ്‌നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.ഗിരീശന്‍ കീച്ചേരി(പുണ്യം പൂങ്കാവനം കോ.ഓര്‍ഡിനേറ്റര്‍), എം.പി. ചന്ദ്രന്‍ (പ്രകൃതി വന്യജീവി സംരക്ഷകന്‍), ക്ഷേത്ര ട്രസ്റ്റി മെമ്പര്‍മാരായ ഇ.പി. ശാരദ, കെ.രവീന്ദ്രന്‍ ,സുജാത, രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ സ്വാഗതവും, ട്രസ്റ്റി മെമ്പര്‍ കെ.വി. അജയ്കുമാര്‍ നന്ദിയും പറഞ്ഞു.