നെല്ലിന്റെ കഥാകാരി പി.വല്‍സല(84) നിര്യാതയായി.

കോഴിക്കോട്: വയനാട്ടിലെ ആദിവാസികളുടെ ജീവിതസ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത ‘നെല്ല്’ എന്ന നോവലിലൂടെ മലയാളസാഹിത്യത്തില്‍ ഇടം നേടിയ പ്രിയകഥാകാരി പി.വല്‍സല (84) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ്, തപസ്യ കലാസാഹിത്യവേദി സഞ്ജയന്‍ പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ അക്ഷരം അവാര്‍ഡ്, മയില്‍പീലി അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയായിരുന്നു.
കാനങ്ങോട്ട് ചന്തുവിന്റെയും പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നില്‍ ജനിച്ചു. ഹൈസ്‌കൂള്‍ പഠനകാലത്ത് വാരികകളില്‍ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച പി.വല്‍സല 1993ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.

കുങ്കുമം അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ‘നെല്ലി’ലൂടെലൂടെയാണു ശ്രദ്ധേയയായത്. ‘തകര്‍ച്ച’ ആണ് ആദ്യ നോവല്‍. ആഗ്‌നേയം, നിഴലുറങ്ങുന്ന വഴികള്‍, അരക്കില്ലം, വേനല്‍, കനല്‍, പാളയം, കൂമന്‍കൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമന്‍, ചാവേര്‍, റോസ്‌മേരിയുടെ ആകാശങ്ങള്‍, വിലാപം, ആദിജലം, മേല്‍പ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്‌നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി. തിരക്കില്‍ അല്‍പം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരന്‍, അന്നാമേരിയെ നേരിടാന്‍, കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരന്‍ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങള്‍. വേറിട്ടൊരു അമേരിക്ക, ഗാലറി ഇവ യാത്രാവിവരണങ്ങള്‍. മരച്ചുവട്ടിലെ വെയില്‍ച്ചീളുകള്‍ (അനുഭവങ്ങള്‍), പുലിക്കുട്ടന്‍, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു രചനകള്‍.

‘നിഴലുറങ്ങുന്ന വഴികള്‍’ എന്ന നോവലിന് 1975ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2007ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു.

സംസ്‌കാരം പിന്നീട്. അധ്യാപകനായിരുന്ന എം.അപ്പുക്കുട്ടിയാണു ഭര്‍ത്താവ്. : അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന അരുണ്‍, ഡോ.എം.എ മിനി എന്നിവരാണ് മക്കള്‍. മരുമക്കള്‍: കസ്തൂരി നമ്പ്യാര്‍, ഡോ.നിനാകുമാര്‍ .