വാര്‍ഡിന്റെ നന്‍മക്ക് വേണ്ടി എന്തും ചെയ്യും-മാതൃകയായി തൃച്ചംബരത്തിന്റെ സുരേഷ് കൗണ്‍സിലര്‍.

തളിപ്പറമ്പ്: ഉല്‍സവകാലത്തെ മാലിന്യങ്ങള്‍ കെട്ടിക്കിടന്നത് മാറ്റാന്‍ കൗണ്‍സിലര്‍ നേരിട്ട് രംഗത്തിറങ്ങി.

തൃച്ചംബരം വാര്‍ഡ് കൗണ്‍സിലറും ബി.എം.എസ് നേതാവുമായ പി.വി.സുരേഷാണ് മാതൃകയായത്.

തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് എത്തിയ കച്ചവടക്കാര്‍ പൂന്തുരുത്തി ക്ഷേത്രത്തിന് സമീപം സൂക്ഷിച്ച പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇന്നലെ നീക്കം ചെയ്തത്.

മാലിന്യങ്ങള്‍ മാറ്റാന്‍ ഹരിതകര്‍മ്മസേനക്ക് കച്ചവടക്കാര്‍ ആവശ്യമായ പണം നല്‍കിയിരുന്നു.

എന്നാല്‍ ഇത് വേര്‍തിരിച്ചുവെക്കാത്തതിനാല്‍ ഹരിതകര്‍മ്മസേനക്ക് നീക്കം ചെയ്യാന്‍ സാധിച്ചില്ല.

ഉല്‍സവം കഴിഞ്ഞിട്ട് മാസം രണ്ടായിട്ടും മാലിന്യങ്ങള്‍ അവിടെ തന്നെ കിടന്നു. മഴക്കാലം വരാറായതോടെ ഹരിതകര്‍മ്മസേന തൃച്ചംബരം ക്ഷേത്രം മാനേജരെ സമീപിച്ച് ഇത് വേര്‍തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ കൗണ്‍സിലര്‍ പ്രദേശത്തെ സുന്ദരന്‍ എന്ന വ്യക്തിയെ സഹായത്തിന് വിളിച്ച് നേരിട്ട് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിതകര്‍മ്മസേനക്ക് കൈമാറി.

സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ച കൗണ്‍സിലറുടെ പ്രവൃത്തി മാതൃകാപരമായെന്ന് കക്ഷിഭേദമന്യേ നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.