പരിയാരത്ത് താങ്ങാനാവാത്ത വികസനം: റേഡിയേഷന്‍ വിഭാഗം പൂട്ടിയിട്ട് വര്‍ഷം 2-കാന്‍സര്‍രോഗികള്‍ തെക്കുവടക്ക് ഓട്ടം.

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം അടച്ചുപൂട്ടിയിട്ട് വര്‍ഷം രണ്ടുകഴിയുന്നു.

ഗ്രൗണ്ട് ഫ്‌ളോറിലുള്ള റേഡിയേഷന്‍ വിഭാഗത്തിലേക്ക് രോഗികള്‍ കടന്നുചെല്ലുന്ന വഴിയില്‍ മുഴുവന്‍ കേടായികിടക്കുന്ന ആശുപത്രി ഉപകരണങ്ങളും മാലിന്യങ്ങളും ഉള്‍പ്പെടെ നിരവധി ലൊട്ടുലൊടുക്ക് സാധനങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ റേഡിയേഷന്‍ വിഭാഗം പ്രവര്‍ത്തിക്കാത്തത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. കാന്‍സര്‍ചികില്‍സയില്‍ ഒഴിച്ചുകൂടാനാവാത്ത റേഡിയേഷന്‍ വിഭാഗത്തിലെ കോബാള്‍ട്ട് തെറാപ്പി ഉപകരണം കാല്‍ നൂറ്റാണ്ടോളം പഴകിയതായതിനാല്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് യൂണിറ്റ് അടച്ചത്.

ഇപ്പോല്‍ കാന്‍സര്‍ രോഗികള്‍ മലബാര്‍ കാന്‍സര്‍ സെന്ററിലും മംഗലാപുരത്തും കേരളത്തിലെ മറ്റ് സ്വകാര്യ കാന്‍സര്‍ സെന്ററിലുമാണ് റേഡിയേഷന് വിധേയമാവുന്നത്.

ഇത് ഭാരിച്ച ചെലവും യാത്രാദുരിവുമാണ് ഉണ്ടാക്കുന്നത്. കേടായ മെഷീന്‍ റിപ്പേര്‍ ചെയ്‌തെടുക്കാന്‍ മാത്രം ഒന്നരകോടി രൂപയോളം ചെലവുവരും. കോബാള്‍ട്ട് തെറാപ്പിയേക്കാള്‍ ആധുനികമായ ലിനാക് എന്ന റേഡിയേഷന്‍ സംവിധാനമാണ് ഇപ്പോള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും നിലവിലുള്ളത്.

ഇതിന് 18 കോടിയിലേറെ രൂപയാണ് ചെലവുവരിക. പുതിയ കോബാള്‍ട്ട് തെറാപ്പി ഉപകരണത്തിന് തന്നെ 10 കോടിയോളം വിലവരും. അത് സ്ഥാപിക്കണമെങ്കില്‍ പഴയ ഉപകരണം ഇവിടെ നിന്ന് നീക്കം ചെയ്യണം.

ഇതിന് അറ്റോമിക് എനര്‍ജി വകുപ്പിന്റെ സഹായം വേണം. ഈ സഹായത്തിനായി സര്‍ക്കാറിലേക്ക് അപേക്ഷനല്‍കിയിട്ടുണ്ട്.

എന്നാല്‍ നടപടികളൊന്നുമായിട്ടില്ല. ലിനാക് സ്ഥാപിക്കണമെങ്കില്‍ പ്രത്യേകം കെട്ടിടസൗകര്യങ്ങളൊക്കെ ആവശ്യമാണെന്തിനാല്‍ പഴയ കോബാള്‍ട്ട് തന്നെയായിരിക്കും പരിയാരത്തേക്ക് പുതുതായി വരിക. പക്ഷെ, ഇതിന് ആറ്റോമിക് എനര്‍ജി വകുപ്പ് കനിയണം.

അതുവരെ കാന്‍സര്‍ രോഗികള്‍ തെക്കുവടക്ക് ഓടണം. കോടികളുടെ വികസനം കിഫ്ബിവഴി തിരുവനന്തപുരത്തുനിന്നും കൊണ്ടുവന്ന് ചെരിയുന്നതായി ആരോഗ്യവകുപ്പ് വാചകമടിക്കുമ്പോഴാണ് ഒരു മെഡിക്കല്‍ കോളേജില്‍ അത്യാവശ്യം വേണ്ട റേഡിയേഷന്‍ പോലും രണ്ട് വര്‍ഷമായി മുടങ്ങിയിരിക്കുന്നത്.