പോലീസിന്റെ സൂക്ഷ്മനിരീക്ഷണപാടവത്തില്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്ന പ്രതി പിടിയിലായി.
കണ്ണൂര്‍: ഡോക്ടറോട് അപമര്യാദയായി പെരുമാറുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഒളില്‍ കഴിയുകയായിരുന്ന പ്രതിയെ ട്രെയിനില്‍വെച്ച് റെയില്‍വെ പോലീസ് പിടികൂടി.
കൂത്തുപറമ്പ് സൗത്ത് നരവൂര്‍ മാധവം വീട്ടില്‍ ടി.കെ.ദിന്‍ഷലിനേയാണ്(23) കണ്ണൂര്‍ റെയില്‍വെ പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് കക്കറയും സിവില്‍ പോലീസ് ഓഫീസര്‍ മഹേഷും ചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പുര എക്‌സ്പ്രസില്‍ ഡ്യൂട്ടി ചെയ്തുവരികയായിരുന്ന ഇരുവരും ബി-1 കോച്ചില്‍ സംശയാസ്പദമായി കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ തലശേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രചെയ്യുകയാണെന്നാണ് പറഞ്ഞത്.
അന്വേഷണത്തില്‍ മാഹിയിലെ രാഹുല്‍ എന്നയാളുടെ പേരില്‍ ബുക്ക് ചെയ്ത ടിക്കറ്റിലാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്ന് മനസിലാക്കി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നവംബര്‍ 5 ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിനും ജീവനക്കാരനെ മര്‍ദ്ദിച്ചതിനും പോലീസ് തിരയുന്ന 5 പ്രതികളില്‍ ഒന്നാംപ്രതിയാണ് ദിന്‍ഷലെന്ന് വ്യക്തമായത്.
പോലീസിനെ കബളിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.
ഈ സമയം ട്രെയിന്‍ തിരൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയതിനാല്‍ പ്രതിയെ തിരൂര്‍ പോലീസിന് കൈമാറുകയും അവര്‍ പ്രതിയെ കൂത്തുപറമ്പ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ദിവസങ്ങള്‍ മുമ്പ് മലബാര്‍ എക്‌സ്പ്രസില്‍ മോഷണ പരമ്പര നടത്തിയ പ്രതികളെ പിടികൂടിയതും സുരേഷ് കക്കറയും മഹേഷും കൂടി ആയിരുന്നു.
ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡില്‍ അംഗമായിരിക്കെ നിരവധി പിടികിട്ടാപ്പുള്ളികളെ പിടികൂടിയിട്ടുള്ള സുരേഷ് കക്കറയുടെ സൂക്ഷ്മനിരീക്ഷണ പാടവമാണ് പ്രതിയെ കുരുക്കിലാക്കിയത്.