കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നവീകരണ ജോലികള്‍ തുടങ്ങി. പുതിയ 10 ക്ലീനിംഗ് ജോലിക്കാരെയും 5 സുരക്ഷാ ജീവനക്കാരെയും നിയമിക്കും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.

കിഫ്ബിയില്‍ നിന്നും അനുവദിച്ച 32 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്.

വാപ്‌കോസ് എന്ന സര്‍ക്കാര്‍ ഏജന്‍സിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും വടക്കേ ഇന്ത്യയിലെ ഒരു സ്വകാര്യ ഏജന്‍സിക്ക് അവര്‍ കരാര്‍ നല്‍കുകയായിരുന്നു.

നാല് വാര്‍ഡുകളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചാണ് നവീകരണം തുടങ്ങിയിരിക്കുന്നത്.

കേടായ ശുചിമുറികളുടെ നവീകരണം വാര്‍ഡുകളുടെ പെയിന്റിംഗ് എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

25 വര്‍ഷമായി യാതൊരുവിധ നവീകരണവും നടക്കാത്ത മെഡിക്കല്‍ കോളേജ് വാര്‍ഡുകളുടെ അവസ്ഥ ശോചനീയമായിരുന്നു.

കഴിഞ്ഞ മാസം ആരോഗ്യവകുപ്പുമന്ത്രിയാണ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

കാമ്പസിനകത്തെ തകര്‍ന്നുകിടക്കുന്ന റോഡുകളുടെ നവീകരണവും ഇതോടൊപ്പം നടക്കും.

അതിനിടെ ഇന്നലെ ചേര്‍ന്ന ആശുപത്രി ഡവലപ്‌മെന്റ് സൊസൈറ്റി യോഗത്തില്‍ സുപ്രധാനമായ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്.

നിലവില്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്യുന്ന പാല്‍ സ്വകാര്യ വ്യക്തികള്‍ ലിറ്ററിന് 10 രൂപ ഈടാക്കിയാണ് തിളപ്പിച്ച് നല്‍കിയിരുന്നത്.

അതിന് പകരം ഈ ചുമതല കൂടുംബശ്രീ വനിതകളെ ഏല്‍പ്പിച്ചു. ലിറ്ററിന് 5 രൂപയായിരിക്കും ഇവര്‍ രോഗികളില്‍ നിന്ന് വാങ്ങുക.

പുതിയ റേഡിയോളജി ടെക്‌നീഷ്യനെ നിയമിക്കാനും സുരക്ഷാ വിഭാഗത്തില്‍ അഞ്ച് വിമുക്തഭടന്‍മാരെ പുതുതായി നിയോഗിക്കാനും തീരുമാനിച്ചു.

ഇത് കൂടാതെ 10 ക്ലീനിംഗ് ജീവനക്കാരെയും കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് തെരേെഞ്ഞടുത്ത് നിയമിക്കും.

യോഗത്തില്‍ എച്ച്.ഡി.എസ് ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു.