കാത്തിരിപ്പിന് വിരാമം; കറപ്പക്കുണ്ട് നവീകരണം തുടങ്ങി-

തളിപ്പറമ്പ്: കാത്തിരിപ്പിന് വിരാമമായി, കറപ്പക്കുണ്ട് ഇനി നാടിന്റെ ജലശേഖരമാവും.

കരിമ്പം പ്രദേശത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ജലശേഖരം മാലിന്യനിക്ഷേപം കാരണം നാശത്തിന്റെ വക്കിലെത്തിയത് നാടിന്റെ ദു: ഖമായി മാറിയിരുന്നു.

പ്രദേശത്തുകാര്‍ ഏറെ വര്‍ഷങ്ങളായി കറപ്പക്കുണ്ടിന്റെ പുനരുജ്ജീവനത്തിന് ശ്രമിച്ചുവരികയായിരുന്നു.

തളിപ്പറമ്പ് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

വറ്റാത്ത ജലശേഖരം ഉണ്ടായിരുന്ന കറപ്പക്കുണ്ടിന്റെ സ്വാഭാവിക നീരുറവകള്‍ ഇതിനകം നശിച്ചിരിക്കയാണ്.

ഇപ്പോള്‍ മഴക്കാലത്ത് അള്ളാംകുളം നിറഞ്ഞാല്‍ ഒഴുകിയെത്തുന്ന വെള്ളവും മഴവെള്ളവും ചേര്‍ന്ന് ആറ് മാസത്തോളം മാത്രമേ വെള്ളം ഉണ്ടാകുന്നുള്ളൂ.

പ്രാഥമികഘട്ടത്തില്‍ കറപ്പക്കുണ്ടില്‍ അടിഞ്ഞ മണ്ണും മാലിന്യങ്ങളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ട്.

ജലശേഖരം സംരക്ഷിക്കാനുള്ള വിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് നടത്തുമെന്ന് നഗരസഭാ സ്ഥിരം സമിതി ചെയര്‍പേഴ്‌സനും വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിത പറഞ്ഞു.

ഇവിടെ സൗന്ദര്യവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കുമെന്ന് അവര്‍ പറഞ്ഞു.

കറപ്പക്കുണ്ടിന്റെ പരിസരത്തുള്ള ഒരേക്കറിലധികം വരുന്ന റവന്യൂഭൂമി ഇതിനകം കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്.

അത് ഒഴിവാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനപാതയില്‍ നിന്ന് കറപ്പക്കുണ്ടിലേക്ക് പോകുന്ന വഴിയിലും വ്യാപകമായി റവന്യൂഭൂമി കയ്യേറിയിട്ടുണ്ട്.

ഈ ഭൂമി കൂടി വീണ്ടെടുത്താല്‍ മാത്രമേ കറപ്പക്കുണ്ടിന്റെ വികസനം പൂര്‍ണമാകുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.