പ്രതികാരമതില്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനം പുന:പരിശോധിക്കണം-മന്ത്രി പി.പ്രസാദ് അദാലത്തില്‍ നിര്‍ദ്ദേശിച്ചു.

 

തളിപ്പറമ്പ്: പ്രതികാരമാണെന്ന് ബോധ്യപ്പെട്ടു, തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്തില്‍ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ബ്ലോക്ക് പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് തടയുന്ന വിധത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പ്രതികാരമതിലിന്റെ മുകള്‍ഭാഗത്തെ ഒരു കല്ല് എടുത്തു മാറ്റണമെന്ന ആവശ്യം ന്യായമാണെന്ന് മന്ത്രിമാരുടെ നേത്യത്വത്തിലുള്ള താലൂക്ക്തല അദാലത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബ്ലോക്ക് പഞ്ചായത്ത് എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് അദാലത്തില്‍ ക്യഷി മന്ത്രി പി.പ്രസാദ് നിര്‍ദ്ദേശിച്ചു.

40 വര്‍ഷം പഴയ കേടുവന്ന മതില്‍ പൊളിച്ചുമാറ്റി പണിയാന്‍ താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയതിന് പ്രതികാരമായിട്ടാണ് കാറ്റും വെളിച്ചവും നിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് മതില്‍ കെട്ടി ഉയര്‍ത്തിയത്.

ഈ മതിലിന്റെ ഉയരത്തില്‍ ഒരു കല്ല് എടുത്തു മാറ്റാനായിരുന്നു പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.

തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിലും ഒരു കല്ല് എടുത്തു മാറ്റണമെന്ന് നിര്‍ദ്ദേശിച്ചുവെങ്കിലും യോഗത്തില്‍ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഇത് പരസ്യമായി നിരാകരിച്ചത് വലിയ വിവാദമായിരുന്നു.

താലൂക്ക് വികസനസമിതി അംഗമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വികസനസമിതി തീരുമാനം നിരാകരിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പരാതിക്കാരന്‍ വികസനസമിതി മുമ്പാകെ പരാതിഉന്നയിച്ചിരുന്നു.

ഇതേപ്പറ്റി സി.പി.എം.സംസ്ഥാന സെക്രട്ടെറിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതികള്‍ നല്‍കിയിരുന്നു.

സി.എം.കൃഷ്ണന്റെ ഇക്കാര്യത്തിലുള്ള സമീപനം വിവാദമായിരുന്നു.