പയ്യന്നൂരിലേക്ക് വഴിയടഞ്ഞിട്ട് ആഴ്ച്ച മൂന്നായി-എന്നു തുറക്കുമെന്ന് ആര്‍ക്കുമറിയില്ല.

പയ്യന്നൂര്‍: പയ്യന്നൂരിലേക്ക് പോകുന്ന വാഹനയാത്രികര്‍ ചുമടുതാങ്ങി വഴി പോകാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ച്ച പിന്നിടുന്നു.

പുതിയ ദേശീയപാതയുടെ പിലാത്തറ ഭാഗത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പയ്യന്നൂരിലേക്കുള്ള സര്‍വീസ് റോഡ് അടച്ചത്.

നെടുനീളത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട റോഡില്‍  പശയും ടാറും കോഴിയൊരിച്ച് കരാറുകാര്‍ വിള്ളല്‍ മറക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും റോഡിന്റെ സുരക്ഷ സംബന്ധിച്ച് ഉറപ്പില്ലാത്തതിനാല്‍ വിള്ളലുകള്‍ വീണ ബോര്‍ഡര്‍ വാളിന് സമീപത്തുകൂടിയുള്ള സര്‍വീസ് റോഡാണ് പൂര്‍ണ്ണമായും അടച്ചിട്ടത്.

ബസുകളും ഭാരവാഹനങ്ങളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും ചുമടുതാങ്ങി വഴി തിരിച്ചുവിട്ടിരിക്കയാണ്.

പിലാത്തറ ടൗണിലെ അടിപ്പാലം മുതല്‍ പീരക്കാംതടം വരെയുള്ള ഭാഗത്തെ ബോര്‍ഡര്‍ വാള്‍ നീക്കം ചെയ്ത് ഇവിടെ പാലം നിര്‍മ്മിച്ചാല്‍ മാത്രമേ അപകടാവസ്ഥ ഒഴിവാക്കാന്‍ കഴിയൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബോര്‍ഡര്‍ വാളിന്റെ അടിഭാഗത്തെ വിള്ളലുകള്‍ ഒഴിവാക്കാന്‍ ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് മറക്കാന്‍ നിര്‍മ്മാണ ജോലി ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഇത് പൂര്‍ത്തീകരിക്കും വരെ റോഡ് തുറക്കില്ലെന്നാണ് കരാറുകാരന്‍ പറയുന്നത്.  മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളൊന്നും റോഡ് അപകടത്തിലായത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്താത്ത സാഹചര്യത്തില്‍ ജനകീയ പഠന സംഘം ഇന്ന്(ജൂണ്‍-2) രാവിലെ 9 ന് ചെറുവത്തൂര്‍ കാര്യങ്കോട് മുതല്‍ കണ്ണൂര്‍ ചാല വരെയുള്ള പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും നാട്ടുകാരുമായി സംവദിച്ചും തല്‍സ്ഥിതി രേഖപ്പെടുത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും  വേണ്ടി പഠന സംവാദ യാത്ര ആരംഭിച്ചിട്ടുണ്ട്.

പയ്യന്നൂര്‍ പെരുമ്പയില്‍ വെച്ച് യാത്ര ആരംഭിച്ചത്.
.ഹൈവേ വികസനം പോലെയുള്ള വന്‍ നിര്‍മ്മിതികളുടെയും മറ്റു വികസനപ്രവര്‍ത്തനങ്ങളുടെയും കാര്യം വരുമ്പോള്‍ ആസൂത്രണ-നിര്‍മ്മാണഘട്ടങ്ങളില്‍ പൊതുജനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്നും അതീവജാഗ്രത പുലര്‍ത്തുന്നതിലൂടെ മാത്രമേ  ആഘാതങ്ങള്‍ കുറക്കാന്‍ സാധിക്കുകയുള്ളെവന്നും, പഠന റിപ്പോര്‍ട്ട് അതിന് സഹായകമാവുമെന്നുമാണ് ജനകീയ പഠനസംഘം പറയുന്നത്.

  ഇത് കൂടാതെ പിലാത്തറ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് ഒപ്പുശേഖരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനും ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുമായി നാട്ടുകാരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്.